വിടവാങ്ങിയത് ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച വൈദികൻ
1599945
Wednesday, October 15, 2025 7:01 AM IST
ബിജു ഇത്തിത്തറ
കടുത്തുരുത്തി: കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിയില്‍ ഇരട്ടസംഗമത്തിനു തുടക്കം കുറിച്ച ഫാ.ജോസഫ് പുത്തന്‍പുര വിടവാങ്ങൽ നാടിനു നൊന്പരം പകർന്നു.
വികാരിയായിരിക്കേ 2007ലാണ് കോതനല്ലൂരിൽ ഇരട്ടസംഗമത്തിനു തുടക്കമിട്ടത്. പിന്നീട് നൂറുകണക്കിന് ഇരട്ടകള്‍ വര്‍ഷം തോറും പങ്കെടുക്കുന്ന, ആയിരക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തുന്ന മഹാസംഗമമായി ഇതു മാറി.
വേറിട്ട ആശയം
കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിയുടെ പ്രസിദ്ധി അന്യനാടുകളിലേക്കു പോലും വ്യാപിക്കുന്നതിനും ഇരട്ടകളുടെ സംഗമം വഴിയൊരുക്കി. ഇരട്ടവൈദികരായ ഫാ.റോയി കണ്ണഞ്ചിറ സിഎംഐ, ഫാ.റോബി കണ്ണഞ്ചിറ സിഎംഐ എന്നിവരില്‍ ഫാ. റോയി കണ്ണഞ്ചിറ ഇടവകയില്‍ എത്തിയപ്പോഴാണ് പുത്തന്പുരയച്ചന് തന്റെ മനസില്‍ തോന്നിയ ഇരട്ടസംഗമം എന്ന ആശയം ഇടവകയില്‍ തുടങ്ങുന്നതിനെക്കുറിച്ചു സംസാരിക്കുന്നത്. റോയിയച്ചന് പരിപൂര്‍ണ വാഗ്ദാനം ചെയ്തു. താനും ഇരട്ട സഹോദരന് ഫാ. റോബിയും സംഗമത്തില്‍ എത്താമെന്ന് ഉറപ്പും നൽകി. ഇതോടെ പുത്തന്പുരയച്ചന് ആ വര്‍ഷംതന്നെ സംഗമത്തിന് ആരംഭം കുറിച്ചു.
പള്ളിയിൽനിന്നു സ്ഥലം മാറിപ്പോയ ശേഷവും ഏല്ലാ വര്‍ഷവും പുത്തന്‍പുരയച്ചനും ഇരട്ടസംഗമത്തില്‍ പങ്കെടുക്കാനെത്തുമായിരുന്നു. രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്നതിനാല്‍ ഈ വര്‍ഷത്തെ സംഗമത്തില്‍ അച്ചന് പങ്കെടുക്കാനായില്ല. 2005 ഫെബ്രുവരിയിലാണ് അദ്ദേഹം കോതനല്ലൂര്‍ പള്ളിയിൽ ചുമതലയേൽക്കുന്നത്. ഇതേവര്‍ഷം ജൂണില്‍ ഇടവക ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. 2010 വരെ അദ്ദേഹം അവിടെ സേവനം തുടര്‍ന്നു.
നല്ലോർമ
കോതനല്ലൂര്‍ പള്ളി നിര്‍മിച്ചതിന്റെ 1,200 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ ഒരു വര്‍ഷം നീളുന്ന ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം ഈ മാസം 26ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇടവകാംഗങ്ങളെല്ലാം ഒരു പോലെ സ്നേഹിക്കുന്ന, ഏവരുടെയും മനസില്‍ മായാതെ നില്ക്കുന്ന പുത്തന്പുരയച്ചന് ദൈവസന്നിധിയിലേക്കു യാത്രയാകുന്നത്.
രോഗബാധിതനായതിനെത്തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയോടു ചേര്‍ന്നുള്ള പ്രീസ്റ്റ് ഹോമിലായിരുന്നു താമസിച്ചിരുന്നത്. സ്നേഹവും ആത്മീയ ചൈതന്യവും നിറഞ്ഞ സാന്നിധ്യമായിരുന്നു അച്ചനെന്ന് ഇടവകാംഗങ്ങൾ ഒാർമിക്കുന്നു.