നിയമസഭയില്‍ സബ്മിഷന് : വേണം, ചങ്ങനാശേരിയില്‍ അഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി
1599952
Wednesday, October 15, 2025 7:11 AM IST
ബെന്നി ചിറയിൽ
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ അഡീഷണലായി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആരംഭിക്കണമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ പ്രധാന നഗരമായ ചങ്ങനാശേരിയില്‍ നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഒരു മുന്‍സിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അഡീഷണല്‍ സെഷൻസ് ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതിയുമാണ് നിലവിലുള്ളത്.
രണ്ടു പുതിയ കോടതികള്‍കൂടി സ്ഥാപിക്കുവാന്‍ പര്യാപ്തമായ ആധുനിക സൗകര്യങ്ങളോടു കൂടിയ കോര്‍ട്ട് കോംപ്ലക്സ് ചങ്ങനാശേരിയിലുണ്ട്. 2016 ലെ മുന്‍ഗണനാ ലിസ്റ്റില്‍ ചങ്ങനാശേരിക്ക് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിക്ക് അനുമതി ലഭിച്ചിരുന്നുവെങ്കിലും അതു ഫലപ്രാപ്തിയില്‍ എത്തിയില്ല. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധി നിലനിര്‍ത്തുന്നതിനും കേസുകളുടെ അതിവേഗ തീര്‍പ്പിനും പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചും ഒരു അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി ചങ്ങനാശേരിയില്‍ അത്യന്താപേക്ഷിതമാണ്.
106 ദിവസം നീണ്ടുനിന്ന അഭിഭാഷക, ക്ലാര്‍ക്ക് സമരം
കറുകച്ചാല്‍ പോലീസ് സ്റ്റേഷന് പരിധി കാഞ്ഞിരപ്പള്ളി കോടതിയിലേക്കു മാറ്റിയത് പുനഃപരിശോധിച്ച് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി അധികാരപരിധിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കറുകച്ചാല്‍, കങ്ങഴ, നെടുംകുന്നം പഞ്ചായത്തു ഭരണസമിതികള്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കി സര്‍ക്കാരിനും ഹൈക്കോടതിക്കും സമര്‍പ്പിച്ചിരുന്നു. ഈ വിഷയം ഉന്നയിച്ച് ചങ്ങനാശേരിയിലെ അഭിഭാഷകരും ക്ലാര്‍ക്കുമാരും 106 ദിവസം തുടര്‍ച്ചയായി സമരം ചെയ്തിരുന്നു.
പുതിയ കോടതി വന്നാല്‍ കറുകച്ചാല്‍ പോലീസ് പരിധി ചങ്ങനാശേരിയില്‍ തിരികെയെത്തും
ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍ നിലനിന്നിരുന്ന കറുകച്ചാല്‍ പോലീസ് സ്റ്റേഷന് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലേക്ക് മാറ്റിയതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വാകത്താനം, ചിങ്ങവനം, കറുകച്ചാല്‍ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരിയില്‍ ഒരു അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്നാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്.
അനുഭാവപൂര്‍വം ഈ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്കി. അഡീഷണല്‍ കോടതി ആരംഭിക്കുന്നതോടെ ചങ്ങനാശേരിയില്‍നിന്നു വിട്ടുപോയ കറുകച്ചാല്‍ പോലീസ് സ്റ്റേഷന് പരിധി തിരികെ ലഭിക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ
കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകും
ചങ്ങനാശേരിയില്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസുകളുടെ ബാഹുല്യം മൂലമാണ് കറുകച്ചാല്‍ പോലീസ് പരിധിയിലെ കേസുകള്‍ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലേക്ക് നീക്കിയത്. അഡീഷണലായി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചാല്‍ കേസുകളുടെ ബാഹുല്യം കുറക്കാനാകും.
അഡ്വ.കെ. മാധവന്‍പിള്ള
പ്രസിഡന്റ്
ചങ്ങനാശേരി ബാര്‍ അസോ.
കുടുംബക്കോടതികൂടിചങ്ങനാശേരിയിൽ വേണം
ചങ്ങനാശേരിയില്‍ ഒരു കുടുംബക്കോടതികൂടി ആവശ്യമാണ്. കുടുംബക്കോടതി സംബന്ധിച്ച ചങ്ങനാശേരിയിലെ കേസുകള്‍ ഏറ്റുമാനൂര്‍ കുടുംബക്കോടതിയിലാണ് കൈകാര്യം ചെയ്യുന്നത്. കേസ് അവധി ദിവസങ്ങളില്‍ ചങ്ങനാശേരി താലൂക്കിലെ ആളുകള്‍ക്ക് ഏറ്റുമാനൂരില്‍ പോകേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ കുടുംബക്കോടതി ചങ്ങനാശേരിയില്‍ അത്യാവശ്യമാണ്. പോക്സോ കോടതിയിലെ ജഡ്ജിക്ക് അധികാരം നല്കിയാല് എംഎസിടി കേസുകള്‍കൂടി കൈകാര്യം ചെയ്യാനാകും.
അഡ്വ. റോയി തോമസ്
മുതിര്‍ന്ന അഭിഭാഷകന്
കറുകച്ചാല്‍ പോലീസ് പരിധി കാഞ്ഞിരപ്പള്ളിയിലേക്കു മാറ്റിയത് ദുരിതമായി
കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലെ കേസുകള്‍ കറുകച്ചാല്‍ പോലീസ് സ്റ്റേഷന് അധികാരപരിധിക്കുള്ളിലാണ്.
ചങ്ങനാശേരി കോടതിയുടെ രൂപീകരണകാലം മുതല്‍ ചങ്ങനാശേരി താലൂക്ക് പ്രദേശം പൂര്‍ണമായും ചങ്ങനാശേരി മുനിസിഫ് കോടതി പരിധിക്കുള്ളിലാണ്. പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതിയും കറുകച്ചാല്‍ പോലീസ് സ്റ്റേഷന് വരെ ഉള്‍പ്പെടുന്ന ഡിവൈഎസ്പി ഓഫീസും താലൂക്കിലെ 12 സര്‍ക്കാര്‍ ഓഫീസുകളും ചങ്ങനാശേരിയിലാണ് പ്രവര്‍ത്തിക്കുന്നത്.
കറുകച്ചാല്‍ പോലീസ് പരിധി കാഞ്ഞിരപ്പള്ളി കോടതിയിലേക്കു മാറ്റിയതുമൂലം കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ ആളുകള്‍ ദുരിതത്തിലാണ്.
അഡ്വ.സി.കെ. ജോസഫ്,
മുന്‍ പ്രസിഡന്റ് ചങ്ങനാശേരി ബാര്‍ അസോ.
മുൻ പ്രസിഡന്റ്് കങ്ങഴ പഞ്ചായത്ത്