പതിനേഴുകാരി പ്രസവിച്ചു; അമ്മ സംഭവം ഒളിപ്പിക്കാൻ ശ്രമിച്ചെന്ന് നാട്ടുകാര്‍
1599957
Wednesday, October 15, 2025 7:20 AM IST
ചിങ്ങവനം: കടുവാക്കുളത്ത് പതിനേഴുകാരി പ്രസവിച്ചു. ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ച അമ്മയ്ക്കെതിരേ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ രാവിലെ വിവരമന്വേഷിച്ചു ചാന്നാനിക്കാട് ഹെല്‍ത്ത് സെന്ററിലെ നഴ്സുമാരും വാര്‍ഡ് മെംബറുംകൂടി വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു. ആംബുലന്‍സ് വിളിച്ചു വരുത്തി ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിക്കുകയും താമസിയാതെ ആണ്‍കുട്ടിക്കു ജന്മം നല്‍കുകയുമായിരുന്നു.
നേരത്തെ നാട്ടുകാര്‍ വിവരം ധരിപ്പിച്ചതനുസരിച്ചു വാര്‍ഡ് മെംബര്‍ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ വിവരമന്വേഷിക്കാനായെത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അമ്മ മറച്ചുവച്ചിരിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കിഡ്നി സംബന്ധമായ അസുഖം മൂലമാണ് വയർവീര്ത്തിരിക്കുന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് സ്കാന്‍ ചെയ്ത റിപ്പോര്‍ട്ടും ഇവര്‍ കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഡോക്ടറെ കാണിച്ചപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന വിവരം ആരോഗ്യപ്രവര്‍ത്തകര്‍ അറിയുന്നത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതയാണ് ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രേരണയായത്. ഈസ്റ്റ് പോലീസിൽ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികളിലേക്കു കടക്കുമെന്നു പോലീസ് അറിയിച്ചു.