ഗവേഷണ സഹകരണത്തിന് ധാരണാപത്രം
1599938
Wednesday, October 15, 2025 7:01 AM IST
അതിരമ്പുഴ: സംസ്ഥാനത്തുനിന്നുള്ള ഏക യുജിസി കാറ്റഗറി-1 യൂണിവേഴ്സിറ്റിയായ എംജി യൂണിവേഴ്സിറ്റിയും മുംബൈ യുജിസി കാറ്റഗറി-1 യൂണിവേഴ്സിറ്റിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയും (ഐസിടി) തമ്മില്‍ ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
മുംബൈ ഐസിടി ആസ്ഥാനത്ത് വൈസ് ചാന്‍സലര്‍ പ്രഫ. അനിരുദ്ര ബാലചന്ദ്ര പണ്ഡിറ്റിന്റെ ഓഫീസിലാണ് ധാരണാപത്രം കൈമാറിയത്. എംജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് സ്കൂള്‍ ഓഫ് ബയോ സയന്‍സിലെ പ്രഫ.ഡോ. ഇ.കെ. രാധാകൃഷ്ണനും എബിന് ജോണ്‍ വര്‍ഗീസും പങ്കെടുത്തു. ഐസിറ്റിയില്നിന്നും ഡോ. മനീഷ് യാദവും പങ്കുചേര്‍ന്നു.
ബയോ എനര്‍ജി മേഖലയിലെ മാലിന്യങ്ങളുടെ സംസ്കരണം, ഇവയില്‍നിന്നുമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, കുളവാഴകളുടെ സംസ്കരണം, വ്യാവസായിക ആവശ്യമനുസരിച്ചുള്ള യന്ത്രോപകരണങ്ങളുടെ വികസനം, ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഐസിടിയുമായി സഹകരിച്ച് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള അവസരം എന്നിവ സംബന്ധിച്ചും ധാരണയായി.