ഇടത്തിൽതോട് നവീകരണത്തിന് 20 ലക്ഷം: മന്ത്രി റോഷി അഗസ്റ്റിൻ
1600217
Thursday, October 16, 2025 7:22 AM IST
വൈക്കം: വൈക്കം നഗരസഭ എട്ടാം വാർഡിലെ ഇടത്തിൽതോട് ആഴംകൂട്ടി സംരക്ഷണഭിത്തി നിർമിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കാണ് ഈ തുക അനുവദിച്ചത്. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വാർഡ് കൗൺസിലർ ഏബ്രഹാം പഴയകടവന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്-എം വൈക്കം മണ്ഡലം കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്.
രണ്ടാം ഘട്ടത്തിൽ നിർമാണപ്രവർത്തികൾക്കായി കൂടുതൽ തുക അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. പദ്ധതി യാഥാർഥ്യമാകുന്നതോടെ നിരവധി കുടുംബങ്ങളെ വെള്ളക്കെട്ടിൽനിന്നു രക്ഷിക്കാൻ കഴിയും. മഴക്കാലമായൽ പ്രദേശത്തെ നിരവധി വീടുകൾ മാസങ്ങളോളം വെള്ളത്തിലാണ്.
മന്ത്രിയുടെ നിർദേശപ്രകാരം എക്സിക്യൂട്ടീവ് എൻജിനിയർ സുമേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മനോജ്, അസിസ്റ്റന്റ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇടത്തിൽതോട് സന്ദർശിച്ച് പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകി.