മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഹൃദയങ്ങളെ കുഞ്ഞച്ചന് ഇളക്കിമറിച്ചു: മാര്‍ കൊല്ലംപറമ്പില്‍
1599982
Wednesday, October 15, 2025 11:27 PM IST
രാമപുരം: ദൈവം അയച്ച കാപട്യമില്ലാത്ത മനുഷ്യനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്നും മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഹൃദയങ്ങളെ ഇളക്കിമറിച്ച് അവരെ സമൂഹത്തിലേക്കും ദൈവത്തിലേക്കും കൊണ്ടുവരാന്‍ കുഞ്ഞച്ചന് കഴിഞ്ഞെന്നും ഷംഷാദാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു കുഞ്ഞച്ചന്റെ കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
റവ.ഡോ. ജോസഫ് മുത്തനാട്ട്, ഫാ. ജോണ്‍ മണാങ്കല്‍, റവ. ഡോ. ജോസഫ് അരിമറ്റം, ഫാ. ജോസ് തറപ്പേല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. മാത്യു വെള്ളായപ്പിള്ളില് എന്നിവര്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി.
കരിസ്മാറ്റിക് പ്രേഷിതസംഗമം, സെന്റ് മര്‍ത്താസ് കോണ്‍ഗ്രിഗേഷന്റെ കുഞ്ഞച്ചന് തീര്‍ഥാടനം, എസ്എംവൈഎം തീര്‍ഥാടനം, തിരുസ്വരൂപ പ്രതിഷ്ഠ, പുറത്തുനമസ്കാരം, പ്രദക്ഷിണം എന്നിവയും ഇന്നലെ നടന്നു.
കെഎസ്ആര്‍ടിസി
പ്രത്യേക സര്‍വീസ് നടത്തും
തിരുനാള്‍ ദിനമായ ഇന്ന് രാമപുരത്തുനിന്നു സമീപപ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. മാര്‍ സ്ലീവാ മെഡിസിറ്റി, മരിയന്‍ മെഡിക്കല്‍ സെന്റര്‍, ഗവണ്മെന്റ് ആശുപത്രി രാമപുരം എന്നിവിടങ്ങളില്‍നിന്നു മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യും. നേര്‍ച്ചയപ്പം വിതരണത്തിനും കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്നതിനും നേര്ച്ചകാഴ്ചകള് അര്‍പ്പിക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി 501 അംഗ വോളന്റിയര്‍ സംഘവും തീര്‍ഥാടനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നു.