കോണത്താറ്റ് പാലം തുറന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷം
1600213
Thursday, October 16, 2025 7:22 AM IST
കുമരകം: കോണത്താറ്റ് പാലം തുറന്നതോടെ കുമരകം ചന്തക്കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചന്തക്കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് നിർത്തരുതെന്ന അധികൃതരുടെ തീരുമാനം സ്വകാര്യ ബസുകൾ നടപ്പാക്കാതിരുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. അട്ടിപ്പീടിക, കൊഞ്ചുമട റൂട്ടിലെ സ്വകാര്യ ബസുകൾ ചന്തക്കവലയിലെ വെയ്റ്റിംഗ് ഷെഡിനു മുന്നിൽ ബസ് നിർത്തിയതോടെ ചേർത്തല, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള സർവീസുകളും ഇവിടെത്തന്നെ നിർത്തി. ഇതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു യോഗം വിളിക്കുകയും ഒരു ബസും തത്ക്കാലത്തേക്ക് ചന്തക്കവലയിൽ നിർത്താൻ പാടില്ലെന്നും എല്ലാ ബസുകളും ബസ് ബേയിൽ എത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.
ചന്തക്കവലയിലെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്നലെത്തന്നെ അടച്ചുപൂട്ടി പോലീസ് നിരീക്ഷണവും ശക്തമാക്കി. ബസ് ബേയിൽ കയറാതെ പഴയ രീതിയിൽ ചന്തക്കവലയിലെ ബസ് സ്റ്റോപ്പിൽ നിർത്തുന്ന ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കുമരകം എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു.