അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗും തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു
1600308
Friday, October 17, 2025 4:48 AM IST
കോട്ടയം: ആരോഗ്യരംഗത്തും എന്‍ജിനിയറിംഗ് മേഖലയിലും വിജ്ഞാനവും വിഭവങ്ങളും പങ്കുവയ്ക്കുന്നതിനായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗും കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററിനു കീഴിലുള്ള തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് ഉപകാരപ്രദമായ ആരോഗ്യ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണ് ബയോമെഡിക്കല്‍ ഇന്സ്ട്രുമെന്റേഷനായുള്ള ഷ്മിറ്റ് സെന്റര്‍ ഉപയോഗിച്ചുള്ള സഹകരണത്തിന്റെ ലക്ഷ്യം.
നഴ്സിംഗ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ടോടെ സംയുക്ത ഗവേഷണ പ്രോജക്റ്റുകള്‍ പ്രോത്സാഹിപ്പിക്കും. സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, സംരംഭകത്വം, ബയോമെഡിക്കല്‍ സിസ്റ്റം അവബോധം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കും ഫാക്കല്റ്റികള്ക്കുമായി വിജ്ഞാന കൈമാറ്റ പരിപാടികളും പരിശീലനങ്ങളും ഇന്റേണ്‍ഷിപ്പുകളും ലഭ്യമാക്കും.
ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് പോലുള്ള മേഖലകളില്‍ ഹ്രസ്വകാല, ദീര്‍ഘകാല കോഴ്സുകള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്യുന്നതിനും സംയുക്ത ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ഒരുക്കുന്നതിനും ഇരുസ്ഥാപനങ്ങളിലെയും ഫാക്കല്റ്റികള് സഹകരിക്കും.
അമല്‍ജ്യോതി കോളജിനെ പ്രതിനിധീകരിച്ചു കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗിലെ റവ.ഡോ. സിജു ജോണ്‍ പുല്ലംപ്ലായില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗിലെ ഡോ. എസ്.എന്‍. കുമാര്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.