കോട്ടയിൽ പൊരിഞ്ഞ പോരാട്ടം
1600448
Friday, October 17, 2025 6:54 AM IST
വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ. കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ നടന്നതെന്ത്? ഭരണപക്ഷവും പ്രതിപക്ഷവും എന്തു പറയുന്നു? പഞ്ചായത്തിന്റെ ചിത്രം എങ്ങനെ?
അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
1953ൽ രൂപീകരിക്കപ്പെട്ടു. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഗ്രാമപഞ്ചായത്ത്. ഒരു വർഷത്തെ തനതുഫണ്ട് 10 കോടിയിലേറെ.അതിരമ്പുഴ ചന്തക്കടവിൽനിന്ന് ഉത്ഭവിച്ച് വേമ്പനാട് കായലിൽ എത്തുന്ന പെണ്ണാർതോടിനെ കേന്ദ്രീകരിച്ചു ടൂറിസം സാധ്യതകളുണ്ട്. തീർഥാടനകേന്ദ്രങ്ങളായ അതിരമ്പുഴ പള്ളിയും വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമദേവാലയവും ഐതിഹ്യ പ്രാധാന്യമുള്ള വേദവ്യാസഗിരി എന്ന വേദഗിരി മലയും ഉൾപ്പെടുന്ന പഞ്ചായത്ത് യുഡിഎഫ് മാത്രം ഭരിച്ചിട്ടുള്ള പഞ്ചായത്ത് എന്ന പ്രത്യേകതയുണ്ട്.
നേട്ടങ്ങൾ
ജോസ് അമ്പലക്കുളം
(പഞ്ചായത്ത് പ്രസിഡന്റ്)
22 വാർഡുകളിലും റോഡുകൾ 90 ശതമാനം പൂർത്തീകരിച്ചു. 50ലധികം റോഡുകൾക്ക് ടെൻഡർ.
ജൽജീവൻ വഴി എല്ലാ വാർഡുകളിലും കുടിവെള്ളം. 90 ശതമാനം പൂർത്തിയായി.
3.5 കിലോമീറ്റർ ദൂരത്തിൽ പെണ്ണാർതോട് ആഴം കൂട്ടി വൃത്തിയാക്കുന്ന ജോലി അവസാനഘട്ടത്തിൽ.
ലൈഫ് പദ്ധതിയിൽ വീടുകൾ. സ്ഥലം വാങ്ങി വീടു നിർമിക്കാൻ പദ്ധതി.
48.5 സെന്റ് സ്ഥലം വാങ്ങി എംസിഎഫ് ഷെഡ് നിർമാണം.
മുഴുവൻ വാർഡുകളിലും തെരുവു വിളക്കുകൾ.
32.5 ലക്ഷം മുടക്കി സസ്യമാർക്കറ്റിൽ ടേക്ക് എ ബ്രേക്ക് സമുച്ചയം.
പഞ്ചായത്ത് ഓഫീസ് പുനരുദ്ധാരണം, ആധുനിക സൗകര്യങ്ങൾ.
ബോട്ട് എത്താൻ നടയ്ക്കൽ പാലം ഉയർത്തി നിർമിക്കാൻ പദ്ധതി.
സസ്യമാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സും മത്സ്യമാർക്കറ്റിൽ തകർന്ന ഷെഡിന്റെ നവീകരണവും ഉടൻ.
കോട്ടങ്ങൾ
ജോഷി ഇലഞ്ഞിയിൽ
(എൽഡിഎഫ് പാർലമെന്ററി
പാർട്ടി ലീഡർ)
തുടർച്ചയായ പ്രസിഡന്റ് മാറ്റം മൂലം വികസന മുരടിപ്പ്. അഞ്ചു വർഷത്തിനിടയിൽ മൂന്നു പ്രസിഡന്റുമാർ.
വാർഷിക വരുമാനത്തിന് അനുസൃതമായി ക്ഷേമ - വികസന പദ്ധതികളില്ല.
ദേശീയ പാതയായി പെണ്ണാർ തോട് പ്രഖ്യാപിക്കപ്പെട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല.
വിവിധ മേഖലകളിൽ കാര്യമായ ഒരു വികസന നേട്ടങ്ങളും ഭരണസമിതികൾക്ക് അവകാശപ്പെടാനില്ല.
പഞ്ചായത്ത് ഓഫീസിനായി സ്ഥലം വാങ്ങി പാർക്കിംഗ് സൗകര്യമോടെ പുതിയ കെട്ടിടം നിർമിക്കാതെ 200 ലക്ഷം രൂപ മുടക്കി പഴയ കെട്ടിടം നവീകരിക്കുന്നത് ധൂർത്ത് ആകുന്നു.
അതിരമ്പുഴയിൽ ആവശ്യത്തിനു ശൗചാലയങ്ങളില്ല.
ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി അട്ടിമറിക്കപ്പെട്ടു. പഞ്ചായത്തിന് 25 ലക്ഷം രൂപയുടെ ബാധ്യത.
അതിരമ്പുഴ ചന്തക്കുളത്തിന് സമീപം ടേക് എ ബ്രേക്ക് കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചില്ല.
പൊതുജനങ്ങൾക്കു വിശ്രമിക്കാൻ ഒരു പാർക്കോ യുവജനങ്ങൾക്ക് കളിസ്ഥലമോ ഇല്ല.
അഞ്ചു വർഷത്തിനിടയിൽ ഒരു കുടുംബത്തിനു പോലും ഭൂമി വാങ്ങി നൽകിയിട്ടില്ല.
ഏക്കർ കണക്കിനു നിലം തരിശു കിടക്കുന്നു.
മാർക്കറ്റുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങൾ മലിനം. മാലിന്യനിർമാർജനവും ശുചീകരണവും നടക്കുന്നില്ല.
ഒറ്റനോട്ടത്തിൽ
വിസ്തീർണം: 20.1 ച.കി.മീ. ജനസംഖ്യ: 40,438. പുരുഷന്മാർ: 20,122. സ്ത്രീകൾ: 20,316.
പട്ടികജാതി വിഭാഗം: 728. പട്ടിക വർഗം: 25 കുടുംബങ്ങൾ. സാക്ഷരത: 96.5 ശതമാനം.
എംജി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം. മെഡിക്കൽ കോളജിന്റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തും കുട്ടികളുടെ ആശുപത്രിയും ഗവ. ഐടിഐ, ട്രെയ്നിംഗ് കോളജ്, മൂന്നു കോളജുകൾ, മൂന്ന് ഗവ. എൽപി സ്കൂളുകൾ ഉൾപ്പെടെ അനേകം സ്കൂളുകളും.