ആവേശമായി വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ്
1600311
Friday, October 17, 2025 4:48 AM IST
കോട്ടയം: ലഹരിയുടെ നീരാളികൈകള്ക്കെതിരേ ജനകീയപ്രതിരോധത്തിന്റെ കരുത്തു കുറിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡ് കേരളയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് ആവേശമായി.
രാവിലെ ആറിന് ആരംഭിച്ച വാക്കത്തോണ്‍ ഓര്‍ത്തഡോക്സ് സഭ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിയില്ലാത്ത കേരളത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുകതന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
ജില്ലകളിലെ പരിപാടികള്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളജുകളിലും പ്രൗഡ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ എത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ജാഥാംഗങ്ങള്‍ക്ക് ഗാന്ധി സ്ക്വയറില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം, യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ബി. ഗോപകുമാര്‍, സിനിമാ നിര്‍മാതാവ് പ്രേം പ്രകാശ് തുടങ്ങിയവര്‍ വാക്കത്തോണിന്റെ ഭാഗമായി.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലീം, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യന്‍, ഫിലിപ് ജോസഫ്, പ്രൗഡ് കേരള ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍, ആര്. വത്സലന്‍, ബിജു പുന്നത്താനം, നീണ്ടൂര്‍ മുരളി, യൂജിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.