മാർ ക്രിസോസ്റ്റം പകരം വയ്ക്കാനില്ലാത്ത അപൂര്‍വ പ്രതിഭ: ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്
1600310
Friday, October 17, 2025 4:48 AM IST
കോട്ടയം: ആത്മീയവും ഭൗതികവുമായ മണ്ഡലത്തില്‍ പ്രകാശിക്കുന്ന അപൂര്‍വം നക്ഷത്രങ്ങളില്‍ ഒന്നാണ് മാർ ക്രിസോസ്റ്റമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ ഫോറത്തിന്റെ മാര്‍ ക്രിസോസ്റ്റം സ്മൃതി സംഗമവും മാര്‍ ക്രിസോസ്റ്റം എക്യുമെനിക്കല്‍ പുരസ്കാര സമര്‍പ്പണവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പകരംവയ്ക്കാനില്ലാത്ത അപൂര്‍വം പ്രതിഭയായിട്ടു ലോകത്തിനു സമ്മാനിക്കപ്പെട്ടയാളാണ് ക്രിസോസ്റ്റം തിരുമേനി. സര്‍വ മനുഷ്യരെയും ജീവജാലങ്ങളെയും പ്രപഞ്ചത്തെയും ഉള്‍ക്കൊള്ളാന്‍ തിരുമേനിക്കു പ്രത്യേക കൃപയുണ്ടായിരുന്നുവെന്നും കാതോലിക്കാ ബാവാ അനുസ്മരിച്ചു. തുടര്‍ന്നു പുരസ്കാരം ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്കു ബാവാ സമ്മാനിച്ചു.
എല്ലാം തിരുവചനങ്ങളില്‍ ചാലിച്ചെടുത്ത സുന്ദരമായ ചിന്തകളും ദൈവികമായ മാനുഷികതയും കൊണ്ടുനടന്ന വ്യക്തിയായിരുന്നു ക്രിസോസ്റ്റം തിരുമേനിയെന്നും അദ്ദേഹത്തിന്റെ സ്മരണകള്‍ ഒരു ജ്വാലപോലെ എല്ലാവരുടെയും മനസിലുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണപ്രസംഗത്തില്‍ പറഞ്ഞു.
ക്രിസോസ്റ്റം തിരുമേനി എക്യുമെനിസത്തിന്റെ മനുഷ്യനായിരുന്നു. അദ്ദേഹത്തെ സ്നേഹത്തോടെ കരുതാത്ത വ്യക്തികളില്ലെന്നും നാനാജാതി മതസ്ഥര്‍ക്കു സ്വന്തമെന്നു തോന്നിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണത്തില്‍ അനുസ്മരിച്ചു. എക്യുമെനിക്കല്‍ ഫോറം ചെയര്മാന് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മ സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. എം.സി. തോമസ്, ജനറല്‍ കണ്‍വീനര്‍ തോമസ് കണ്ണന്തറ, സെക്രട്ടറി സിജി ആന്റണി, ട്രഷറര്‍ ബാബു ശങ്കുരിക്കല്‍, ഡോ. ഏബ്രഹാം കലമണ്ണില്‍, ഡോ. ജോസ് കാലായില്‍, ഡോ. റൂബിള്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അവാര്‍ഡ് തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സമാനതകളില്ലാത്ത വലിയ വ്യക്തിത്വത്തിനുടമയായിരുന്ന ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹത് വ്യക്തിയായിരുന്നുവെന്നും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.