മണിമല മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യം: യുഡിഎഫ് സമരത്തിലേക്ക്
1423350
Sunday, May 19, 2024 1:16 AM IST
മണിമല: മാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതുമൂലം സമീപവാസികൾ ദുരിതത്തിൽ. താത്കാലിക സംവിധാനം എന്ന രീതിയിലാണ് മാർക്കറ്റിൽ പ്ലാസ്റ്റിക് നിക്ഷേപം ആരംഭിച്ചത്.
രണ്ടു വർഷമായിട്ടും പുതിയ സ്ഥലം കണ്ടെത്തുന്നതിനോ എംസിഎഫ് സ്ഥാപിക്കുന്നതിനോ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ടൗണിനോട് ചേർന്നുകിടക്കുന്നതുമായ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതു മൂലം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. മണിമല മാർക്കറ്റ് ജംഗ്ഷനോട് ചേർന്നുള്ള മൂല്യമുള്ള, വികസന സാധ്യതയുള്ള സ്ഥലം പാഴ്വസ്തുക്കളുടെ സംഭരണ കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രതിഷേധം ശക്തമാണ്. പ്ലാസ്റ്റിക് ശേഖരണം നടത്തുന്നതിന് പുറമ്പോക്ക് ഉപയോഗിക്കുകയോ സ്ഥലം വാങ്ങുകയോ വാടകയ്ക്ക് സ്ഥലം എടുക്കുകയോ ചെയ്യാൻ സർക്കാർ നിർദേശമുണ്ട്.
ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് പ്ലാസ്റ്റിക് ശേഖരം മാറ്റണമെന്ന് യുഡിഎഫ് മണിമല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ച പദ്ധതി വിഹിതത്തിൽ പകുതിയോളം തുക ചെലവഴിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും യുഡിഎഫ് പ്രതിഷേധിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് രാവിലെ 10ന് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തും.