നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് കമ്മിറ്റി മീറ്റിംഗ് തിരുവല്ല ശാന്തിനിലയത്തിൽ
1436151
Sunday, July 14, 2024 11:26 PM IST
തിരുവല്ല: നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് കമ്മിറ്റി മീറ്റിംഗ് നാളെ ഉച്ചകഴിഞ്ഞ് 2.30-ന് തിരുവല്ല ശാന്തിനിലയം പാസ്റ്ററൽ സെന്ററിൽ കൂടും. ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് തെയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിക്കും.
നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദൈവാലയവും എക്യുമെനിക്കൽ ട്രസ്റ്റും രൂപീകൃതമായതിന്റെ നാല്പതാം വാർഷിക ആചരണവുമായി ബന്ധപ്പെട്ട വിവിധ കർമപദ്ധതികളെ സംബന്ധിച്ച് റൂബിജൂബിലി ആഘോഷ കമ്മിറ്റി ചെയർമാനും നിലയ്ക്കൽ ട്രസ്റ്റ് വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത വിശദമാക്കും.
മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കൽദായ സഭാധ്യക്ഷൻ ഡോ. ഔഗിൻ കുറിയാക്കോസ് മെത്രാപ്പോലീത്ത, ക്നാനായ സഭയുടെ മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത, തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത എന്നീ സഭാതലവൻമാരും നിലയ്ക്കലുമായി ബന്ധപ്പെട്ട വിവിധ സഭകളിലെ ഭദ്രാസനാധിപൻമാരും മീറ്റിംഗിൽ പങ്കെടുക്കും.
നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദൈവാലയത്തിന്റെ അഡ്മിനിസ്ട്രേറ്ററായി നാലുവർഷം സേവനം ചെയ്ത ഫാ. ബാബു മൈക്കിൾ ഒഐസിക്ക് സമ്മേളനത്തിൽ യാത്രയയപ്പ് നൽകും.
നിലയ്ക്കൽ ട്രസ്റ്റ് സെക്രട്ടറിയും സിഎസ്ഐ സഭ മധ്യകേരള ബിഷപ്പുമായ ഡോ. മലയിൽ സാബു കോശി ചെറിയാൻ നന്ദി പറയും.