കുടിവെള്ളം മുട്ടിച്ചു റോഡ് നിർമാണം
1243157
Friday, November 25, 2022 10:11 PM IST
ശാന്തിഗ്രാം: നാട്ടുകാരുടെ യാത്രയും കുടിവെള്ളവും മുടക്കി റോഡ് നിർമാണം. റീബിൽഡ് കേരളയിൽപ്പെടുത്തിയുള്ള ശാന്തിഗ്രാം-കന്പനിപ്പടി-ഇടിഞ്ഞമല-തന്പാൻസിറ്റി-പള്ളിക്കാനം റോഡ് നിർമാണമാണു നാട്ടുകാർക്ക് ദുരിതം സൃഷ്ടിക്കുന്നത്.
റോഡ് പണിയിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ തകർന്നതിനാൽ നിരവധി കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ വലയുകയാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഉപയോഗിക്കുന്ന റോഡിലെ മെറ്റലുകൾ ഇളകിക്കിടക്കുന്നതിനാൽ യാത്രയും ദുരിതമായിരിക്കുകയാണ്. മഴ പെയ്താൽ ചെളിയും വേനലിൽ പൊടിയും നിറഞ്ഞു റോഡിലൂടെയുള്ള യാത്ര ദുസഹമാണ്. കട്ടപ്പന-തോപ്രാംകുടി ദൂരം എറ്റവും കുറവുള്ള റോഡാണിത്.
അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കി ജലവിതരണ സംവിധാനവും പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.