വിദേശജോലി വാഗ്ദാനം: പണം തട്ടിയ പ്രതി പിടിയിൽ
1592314
Wednesday, September 17, 2025 7:04 AM IST
തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കരൂർ കരിങ്ങാട്ട് ഐ.വി. രാജേഷി (52) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വർഷമാണ് രാജേഷിനെതിരേ കേസെടുത്തത്. ഇയാൾ സംസ്ഥാനത്തുടനീളം സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കരിങ്കുന്നം, രാമപുരം, ഏനാത്ത്, കുറുവിലങ്ങാട് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനിൽ രാജേഷിനെതിരേ കേസുള്ളതായും പോലീസ് അറിയിച്ചു.
300ഓളം പേരിൽനിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതായാണ് വിവരംലഭിച്ചത്. തട്ടിപ്പിനിരയായവർ ആക്ഷൻ കൗൺ സിൽ രൂപീകരിച്ച് സമരം നടത്തിയിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന രാജേഷിനെ പട്ടിമറ്റത്തുനിന്നാണ് ഇന്നലെ പോലീസ് പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇയാൾക്കൊപ്പം തട്ടിപ്പ് നടത്തിയ കരിങ്കുന്നം സ്വദേശി മനുവിനെ തൊടുപുഴ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.