മകളുടെ വിവാഹദിനം നിര്‍ധന കുടുംബത്തിന് വീടൊരുക്കി ദമ്പതികള്‍
1592323
Wednesday, September 17, 2025 7:05 AM IST
നെടുങ്കണ്ടം: മകളുടെ വിവാഹം ആര്ഭാടരഹിതമാക്കി ആ തുക ഉപയോഗിച്ച് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി ദമ്പതികള്‍. നെടുങ്കണ്ടം വൈപ്പേല്‍ അശോകന് - ബിജി ദമ്പതികളാണ് മകള്‍ അമൃതയുടെ വിവാഹത്തിനായി കരുതിയ പണം നിര്‍ധന കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്തത്.
മകളുടെ വിവാഹം ആഡംബര രഹിതമായി നടത്താന്‍ അശോകനും ബിജിയും നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. വിവാഹത്തിനു മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് നിർധന കുടുംബത്തിനു വീടു നിർമിച്ചുനൽകാനായി എസ്എന്‍ഡിപി നെടുങ്കണ്ടം ശാഖയില്‍ ഏല്‍പ്പിച്ചത്. ശാഖാ നേതൃത്വം കട്ടക്കാലാ സ്വദേശിയായ വീട്ടമ്മയും മൂന്ന് പെണ്മക്കളുമടങ്ങുന്ന ഭവനരഹിതരായ കുടുംബത്തിന് വീടു പണിതു നൽകാൻ തീരുമാനിച്ചു.
ശാഖാ അംഗങ്ങള്‍ തങ്ങളുടെ വിഹിതം അധ്വാനമായും സംഭാവന ചെയ്തു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തെത്തുടര്‍ന്ന് 61 ദിവസം കൊണ്ട് വീടുപണി പൂര്‍ത്തിയായി. അശോകന് - ബിജി ദമ്പതികളുടെ മകൾ അമൃതയുടെ കഴുത്തില്‍ കുഞ്ചിത്തണ്ണി സ്വദേശി അനന്ദു രാജന് താലി ചാര്‍ത്തിയ ദിവസംതന്നെ പുതിയ വീടിന്റെ ഗൃഹപ്രവേശനവും നടന്നു.
ഗൃഹപ്രവേശനച്ചടങ്ങില്‍ എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍, ശാഖാ ഭരണസമിതി അംഗങ്ങള്‍, മേഖലാ ഭാരവാഹികള്‍, കുടുംബയോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യൂണിയന് പ്രസിഡന്റ് സജി പറമ്പത്ത് ഭദ്രദീപം തെളിച്ച് വീട് കൈമാറി. അശോകന് - ബിജി ദമ്പതികളുടെ തീരുമാനം അറിഞ്ഞ് സമാനമായ രീതിയില്‍ വീട് നിര്‍മിച്ച് നല്കാന് തയാറായി മൂന്നുപേര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് എസ്എന്‍ഡിപി ഭാരവാഹികള്‍ പറഞ്ഞു.