സംസ്ഥാന ആർദ്രകേരളം പുരസ്കാരം: ഇടുക്കി ജില്ലാ പഞ്ചായത്തിന്
1591631
Sunday, September 14, 2025 11:13 PM IST
തൊടുപുഴ: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരത്തിന് സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ഇടുക്കി ജില്ലാ പഞ്ചായത്ത്.
തിരുവനന്തപുരം കോർപറേഷനുമായാണ് ജില്ലാ പഞ്ചായത്ത് പുരസ്കാരം പങ്കിട്ടത്. ജില്ലാ തലത്തിൽ രാജകുമാരി പഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അർഹരായി.
കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
തൊടുപുഴ ജില്ലാ ആശുപത്രി, തൊടുപുഴ ആയുർവേദ ജില്ലാ ആശുപത്രി, മുട്ടം ഹോമിയോപ്പതി ജില്ലാ ആശുപത്രി, പാറേമാവ് ആയുർവേദ അനസ് ആശുപത്രി എന്നിവിടങ്ങളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് ജില്ലാ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചത്. 2023 - 24 സാന്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് അലോപ്പതി മരുന്നുകൾക്ക് 1.71 കോടി രൂപ ചെലവഴിക്കുകയും ആയുർവേദം, ഹോമിയോ വകുപ്പുകൾക്കും ആരോഗ്യ അനുബന്ധ പ്രവർത്തനങ്ങൾക്കായി തുക വകയിരുത്തുകയും ചെയ്തു.
സംസ്ഥാനതലത്തിൽ പുരസ്കാരത്തിന് ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്തിന് പത്തുലക്ഷം രൂപയും ജില്ലാതലത്തിൽ വിവിധ സ്ഥാനങ്ങൾ നേടിയ പഞ്ചായത്തുകൾക്ക് അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ് അവാർഡ് തുക ലഭിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ സ്കോർ, ഹെൽത്ത് ഗ്രാന്‍ഡ് വിനിയോഗം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവയ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശിക ആരോഗ്യആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കൽ, മോഡേണ്‍ മെഡിസിൻ, ആയുർവേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങിയ മികച്ച ആരോഗ്യ പ്രവർത്തനത്തിനാണ് അംഗീകാരം.