പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
1591133
Friday, September 12, 2025 11:32 PM IST
കരിമണ്ണൂർ: ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ തൊമ്മൻകുത്ത് കണ്ണാടിപ്പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൊമ്മൻകുത്ത് വാഴക്കുടിയിൽ റോയി (55)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
പുഴയിൽ പതിവായി മീൻ പിടിക്കാൻ പോകുന്നയാളായിരുന്നു റോയി. തൊമ്മൻകുത്ത് ജുമാ മസ്ജിദിന് സമീപം വട്ടക്കയം ഭാഗത്ത് പുഴയിൽ റോയി ചൂണ്ടയിടുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. പിന്നീടാണ് കാണാതായത്. സമീപത്തെ പാറയിൽനിന്നു റോയിയുടെ ഫോണും വസ്ത്രവും ചെരിപ്പും കണ്ടെത്തിയിരുന്നു.
കരിമണ്ണൂർ പോലീസും തൊടുപുഴ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മണിക്കൂറുകൾ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. തൊമ്മൻകുത്തിൽ സഹോദരിക്കൊപ്പമായിരുന്നു താമസം.