ഇരച്ചിൽപാറ വെള്ളച്ചാട്ടം ചോദിക്കുന്നു ; എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ... ഇല്ലല്ലേ?
1590626
Wednesday, September 10, 2025 11:37 PM IST
മറയൂർ: വെള്ളച്ചാട്ടങ്ങളെയും മറ്റും ആളുകൾക്ക് കൂടുതൽ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ മാറ്റിയെടുക്കാൻ ശ്രമിക്കുന്ന കാലത്ത് ഇവിടെയൊരു ബ്ലോക്ക് പഞ്ചായത്ത് അടക്കം വെള്ളച്ചാട്ടത്തിന്റെ ഉള്ള ശോഭ കൂടി കെടുത്തുന്ന രീതിയിൽ തലതിരിഞ്ഞ പരിഷ്കാരം നടത്തുന്നതായി ആക്ഷേപം. മറയൂരിലെ ഇരച്ചിൽപാറ വെള്ളച്ചാട്ടത്തിനാണ് ഈ ദുർഗതി. മറയൂർ- കാന്തല്ലൂർ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇരച്ചിൽപാറ വെള്ളച്ചാട്ടം.
ഈ വെള്ളച്ചാട്ടത്തിന്റെ പ്രകൃതിഭംഗി അനധികൃത നിർമാണങ്ങളും ബ്ലോക്ക് പഞ്ചായത്തിന്റെ അശാസ്ത്രീയ നടപടികളും നശിപ്പിക്കുന്നതായിട്ടാണ് ആക്ഷേപം. കോവിൽക്കടവിനു സമീപം സ്ഥിതിചെയ്യുന്ന നയനമനോഹരമായ വെള്ളച്ചാട്ടത്തിനു സമീപം നിരവധി അനധികൃത പെട്ടിക്കടകൾ പ്രവർത്തിക്കുന്നതും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശൗചാലയവും വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി മറയ്ക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.
വിനയായി കൈയറ്റവും
വെള്ളച്ചാട്ടത്തിനു മുന്നിലൂടെ നിരവധി ഗ്രാമങ്ങളിലേക്കു പോകുന്ന വീതി കുറഞ്ഞ പാതയുടെ ഇരുവശങ്ങളിലാണ് അനധികൃതമായി പെട്ടിക്കടകൾ നിർമിച്ചിരിക്കുന്നത്. ആറ്റുപുറന്പോക്ക് ഭൂമി കൈയേറിയാണ് ഈ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കെടുത്തുന്ന വിധത്തിൽ പഞ്ചായത്തുതന്നെ നിർമിച്ച രണ്ടു മുറികളുള്ള ശൗചാലയവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്ത് നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റിയും അനധികൃത പെട്ടിക്കടകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് പ്രധാന ആവശ്യം.