എക്സൈസ് പിടികൂടിയത് 1291 ലഹരിക്കേസുകൾ
1591128
Friday, September 12, 2025 11:32 PM IST
തൊടുപുഴ: ഓണനാളുകളിൽ ലഹരി ഉപയോഗത്തിനും കടത്തലിനും തടയിട്ട് എക്സൈസ് വകുപ്പ്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലയിലുടനീളം വ്യാപക പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലാകെ 1291 കേസുകൾ രജിസ്റ്റർ ചെയ്തു.
141 അബ്കാരി കേസുകളും 148 മയക്കുമരുന്നു കേസുകളും 1002 നിരോധിത പുകയില വിൽപ്പന കേസുകളും ഉൾപ്പെടെയാണിത്.
അബ്കാരി കേസുകളിൽ 135 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ 151 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പന്ന വിപണനകേസുകളിൽ 1002 പേർ ഉൾപ്പെട്ടു.
പിഴയിനത്തിൽ 2,00,400 രൂപ ഈടാക്കി. ചാരായം-38.4 ലിറ്റർ, ഇന്ത്യൻ നിർമിത വിദേശ മദ്യം - 408.65 ലിറ്റർ, ബിയർ- 19.5 ലിറ്റർ, 595 ലിറ്റർ വാഷ്, 17.22 കിലോ പുകയില ഉത്പന്നങ്ങൾ, 9.60 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
ഒരു കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. അഞ്ച് കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു. 1.165 ഗ്രാം എംഡിഎംഎ, 0.926 മെത്താഫിറ്റമിൻ ഗുളികകളും പിടികൂടിയിട്ടുണ്ട്.
അതിർത്തി മേഖലകളിൽ കർശനപരിശോധന നടത്തിയിരുന്നു. രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെ ഉപയോഗിച്ച് ദിവസേന രാത്രികാലങ്ങളിൽ പട്രോളിംഗും വാഹനപരിശോധനയുമുണ്ട്. ഒരു ഹൈവേ പട്രോളിംഗുമുണ്ട്.
കന്പംമെട്ട്, ബോഡിമെട്ട്, കുമളി, ചിന്നാർ എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാണ്. പോലീസ്, വനം, റവന്യു, എംവിഡി എന്നിവയുമായി ചേർന്നുള്ള പരിശോധനകളും നടക്കുന്നുണ്ട്.
ലഹരിക്കെതിരേ ബോധവത്കരണവും ജില്ലയിൽ സജീവമാണ്. സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികളും എക്സൈസ് സംഘടിപ്പിക്കുന്നുണ്ട്.