മറയൂർ ശർക്കരയ്ക്ക് 120 രൂപ
1590354
Tuesday, September 9, 2025 11:32 PM IST
മറയൂർ: നിലനില്പിനായി വെല്ലുവിളികൾ ഏറെ നേരിടുന്ന ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കരയ്ക്ക് ഈ ഓണസീസണിൽ നല്ല ഡിമാൻഡും വിലയും ലഭിച്ചു. ഒരു കിലോ മറയൂർ ശർക്കര 120 രൂപ വിലയ്ക്കാണ് ഇപ്പോൾ ഉപഭോക്താവിന് ലഭിക്കുന്നത്.
തമിഴ്നാട്ടിൽനിന്നു മറയൂർ ശർക്കരയുടെ വ്യാജൻ കേരള വിപണികളിൽ വ്യാപകമായി എത്തുന്നുണ്ടെങ്കിലും യഥാർഥ മറയൂർ ശർക്കര കണ്ടെത്തി വാങ്ങാൻ ഉപഭോക്താക്കൾ ശ്രമം ആരംഭിച്ചതാണ് വില വർധനവിന് കാരണം.
മറയൂർ സഹകരണ ബാങ്ക് പോലെയുള്ള സ്ഥാപനങ്ങൾ മറയൂർ ശർക്കര വിപണിയിൽ എത്തിക്കുന്നതുമൂലം വില ഇത്തവണ 20 രൂപ വർധിച്ച് 120 രൂപയിലെത്തി.
2500 ഹെക്ടർ സ്ഥലത്ത് കരിന്പു കൃഷിയുണ്ടായിരുന്ന മറയൂർ, കാന്തല്ലൂർ മേഖലയിൽ ഇന്ന് 500 ഏക്കറിൽ താഴെ മാത്രമാണ് കരിന്പ് കൃഷിയുള്ളത്. ഉത്പാദനച്ചെലവ് പോലും ലഭിക്കാത്തതിനാലും നല്ല വിപണി കണ്ടെത്തുവാൻ കഴിയാത്തതും തമിഴ്നാട്ടിൽനിന്നു വിലകുറഞ്ഞ, ഗുണമേന്മയില്ലാത്ത ശർക്കരയുടെ ഗണ്യമായ വരവും കരിന്പ് കൃഷിയിൽനിന്നു കർഷകർ പിൻവാങ്ങുന്നതിന് കാരണമായി.
കരിന്പിൻ പാടങ്ങൾ നികത്തി പ്ലോട്ടുകളാക്കിയതും മറ്റൊരു കാരണമാണ്. ഈ പ്രതികൂല സാഹചര്യമൊക്കെ തരണം ചെയ്താണ് കുറച്ചു കർഷകർ കരിന്പു കൃഷി തുടരുന്നത്.
ഉത്പാദനം കുറഞ്ഞതിനാൽ മറയൂർ ശർക്കരയുടെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഭൗമസൂചിക പദവി ഉണ്ടെങ്കിലും കരിന്പ് കർഷകരെ സഹായിക്കുന്നതിനോ മറയൂർ ശർക്കരയ്ക്ക് നല്ല വിപണി കണ്ടെത്തുന്നതിനോ സർക്കാർ ഏജൻസികൾക്ക് കഴിയുന്നില്ല.
മുൻപ് കരിന്പു കർഷകർക്ക് കൃഷിക്ക് സബ്സിഡി ആനുകൂല്യങ്ങൾ കൃഷിവകുപ്പ് നല്കിയിരുന്നു. ഇന്ന് അതൊന്നുമില്ല. പേരുകൊണ്ടും ഗുണമേന്മകൊണ്ടും മറ്റേത് ശർക്കരയേക്കാളും മുന്നിൽ നില്ക്കുന്ന മറയൂർ ശർക്കര നിലനില്ക്കണമെങ്കിൽ കർഷകർക്ക് സഹായം ലഭിക്കുവാനുള്ള നടപടികൾ സർക്കാർ സ്ഥാപനങ്ങൾ സ്വീകരിക്കണം.