അഗ്നിവീര്‍ റിക്രൂട്ട്മെന്റ്് റാലി ഇന്നുമുതല്‍ നെടുങ്കണ്ടത്ത്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1590348
Tuesday, September 9, 2025 11:32 PM IST
നെടുങ്കണ്ടം: ഏഴു ദിവസങ്ങളിലായി നെടുങ്കണ്ടത്ത് നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ 16 വരെ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന റിക്രൂട്ട്മെന്റിന്റെ അവസാനഘട്ട വിലയിരുത്തല്‍ നടത്തുന്നതിനായി ഇടുക്കി എഡിഎം ഷൈജു ജേക്കബിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളില്‍നിന്നുള്ള 3102 ഉദ്യോഗാര്‍ഥികളാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ നാലിന് നടപടിക്രമങ്ങള്‍ ആരംഭിക്കും.
120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് നടത്തിപ്പ് ചുമതല. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് കരസേന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നെടുങ്കണ്ടം മേഖലയിലെ വിവിധ ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വാടക ഇളവോടുകൂടി താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍നിന്നെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉള്‍പ്പെടെ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. ആവശ്യമെങ്കില്‍ കട്ടപ്പന - നെടുങ്കണ്ടം - രാമക്കല്‍മേട് സര്‍വീസുകളും ഏര്‍പ്പെടുത്തും.
പഞ്ചായത്ത്, പൊതുമരാമത്ത്, ആരോഗ്യം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ഭക്ഷണശാലകളില്‍നിന്നു മിതമായ നിരക്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഭക്ഷണം ലഭ്യമാകും. കൂടാതെ നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നു മിതമായ നിരക്കില്‍ ഭക്ഷണവും താമസ സൗകര്യവും നല്‍കും. പോലീസിനാണ് നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. സ്റ്റേഡിയത്തിനുള്ളിലെ നിയന്ത്രണങ്ങള്‍ക്ക് ഇരുപതോളം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.