യുഡിഎഫ് വ്യാജപ്രചാരണം നടത്തുന്നു: കേരള കോണ്‍ഗ്രസ്-എം
1590621
Wednesday, September 10, 2025 11:37 PM IST
കട്ടപ്പന: ഭൂനിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന യാഥാര്‍ഥ്യം ജനങ്ങളില്‍ എത്താതെയിരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും വ്യാജപ്രചാരണം നടത്തുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി. പുതിയ ചട്ടം സാധാരണക്കാര്‍ക്ക് ബാധ്യതയാകുമെന്നും വീടുകള്‍ ക്രമവത്കരിക്കപ്പെടുമ്പോള് അപേക്ഷാ ഫീസും മുദ്രപ്പത്ര വിലയും അടയ്ക്കേണ്ടിവരുമെന്നും ജില്ലക്കാരെ രണ്ടാംകിട പൗരന്മാരാക്കുമെന്നുമാണ് വ്യാജപ്രചാരണം.
നില്വിലുള്ള വീടുകള്‍ ക്രമവത്്കരിക്കേണ്ടതില്ലെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളോടുചേര്‍ന്നുള്ള ഹോം സ്റ്റേ, ചെറുകിട വാണിജ്യ സംരംഭങ്ങള്‍ എന്നിവ മാത്രമേ 50 രൂപ അപേക്ഷ ഫീസ് അടച്ച് ക്രമവത്്കരിക്കേണ്ടതുള്ളൂ. നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണയിലിരിക്കുന്ന ചട്ടരൂപീകരണ നടപടിക്രമങ്ങളില്‍ തിരുത്തലുകള്‍ക്ക് അവസരമുണ്ടായിരിക്കേയാണ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
നിര്‍മാണ നിരോധനമുണ്ടെങ്കില്‍ സംസ്ഥാനത്ത് മുഴുവന്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരായത് മാത്യു കുഴല്‍നാടനാണ്.
ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയ കരിനിയമങ്ങളെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവനയാണെന്നു ജില്ലാ പ്രസിഡന്റ്് ജോസ് പാലത്തിനാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാക്കുന്നേല്‍, അഡ്വ. മനോജ് എം. തോമസ്, റെജി കുന്നംകോട്ട്, ജിന്സണ് വര്‍ക്കി, ഷാജി കൂത്തോടിയില്‍, ബിജു വാഴപ്പനാടി എന്നിവര്‍ പറഞ്ഞു.