ഓണവിപണി; നേട്ടം കൊയ്ത് കൃഷിവകുപ്പും കുടുംബശ്രീയും
1590889
Thursday, September 11, 2025 11:56 PM IST
തൊടുപുഴ: ഓണക്കാലത്ത് പഴം, പച്ചക്കറി വിപണിയിൽ നേട്ടം കൊയ്ത് കൃഷിവകുപ്പും കുടുംബശ്രീയും. കൃഷിവകുപ്പ് ജില്ലയിൽ നടത്തിയ വിപണികളിലൂടെ 35.79 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്. കഴിഞ്ഞ ഒന്നുമുതൽ ഉത്രാടനാളായ നാലുവരെ ജില്ലാതലത്തിൽ ഉൾപ്പെടെ 84 വിപണികളാണ് കൃഷിവകുപ്പ് തുറന്നത്. 83.85 മെട്രിക് ടണ്‍ പഴം, പച്ചക്കറികളാണ് വിറ്റഴിച്ചത്.
കർഷകരിൽനിന്ന് ഉത്പ്പന്നങ്ങൾ മാർക്കറ്റ് വിലയെക്കാൽ 10 ശതമാനം അധികം നൽകി സംഭരിച്ച് മാർക്കറ്റ് വിലയെക്കാൾ 30 ശതമാനം കുറച്ച് പൊതുജനങ്ങൾക്ക് നൽകുകയായിരുന്നു ലക്ഷ്യം.
ഇതനുസരിച്ച് 32.289 മെട്രിക് ടണ്‍ പച്ചക്കറികൾ 17.09 ലക്ഷം രൂപയ്ക്കും 22.92 മെട്രിക് ടണ്‍ പഴ വർഗങ്ങൾ 11.98 ലക്ഷം രൂപയ്ക്കും കർഷകരിൽനിന്ന് സംഭരിച്ചു. ഇതിനു പുറമേ 19.03 ലക്ഷം രൂപയ്ക്ക് 62.135 മെട്രിക് ടണ്‍ പച്ചക്കറിയും 1.73 ലക്ഷം രൂപയ്ക്ക് 4.102 മെട്രിക് ടണ്‍ പഴ വർഗങ്ങളും ഹോർട്ടികോർപ്പിൽനിന്നും സംഭരിച്ചു.
സപ്ലൈകോ 1.24 കോടി
മഞ്ഞൾപൊടി, ചേന അട, കൂവപ്പൊടി, ചിപ്സ്, എള്ളെണ്ണ, ഏലയ്ക്ക, റാഗിപ്പൊടി, അച്ചാറുകൾ, രക്തശാലി അരി, പാഷൻഫ്രൂട്ട് ജ്യൂസ്, കാന്താരി ഹണി തുടങ്ങിയ കേരളഗ്രോ ബ്രാൻഡഡ് ഉത്പന്നങ്ങളും വിപണികളിലെത്തിച്ചിരുന്നു. ജില്ലയിലെ 84 വിപണികളിൽ 52 എണ്ണം കൃഷിവകുപ്പ് നേരിട്ടും 25 എണ്ണം ഹോർട്ടികോർപ്പും ഏഴെണ്ണം വിഎഫ്പിസികെയുമാണ് നടത്തിയത്. സപ്ലൈക്കോയും ഓണക്കാലത്ത് നേട്ടം കൈവരിച്ചു. സപ്ലൈക്കോയ്ക്ക് 1.24 കോടിയാണ് ഓണക്കാലത്തെ ജില്ലയിലെ വിറ്റുവരവ്. കണ്‍സ്യൂമർഫെഡും ഓണച്ചന്തകൾ നടത്തിയിരുന്നു.
കുടുംബശ്രീക്ക് 60 ലക്ഷം
ചെറുതോണിയിലെ ജില്ലാ ഫെയറും 108 സിഡിഎസ് ചന്തകളുമടക്കം 109 ഓണച്ചന്തകളാണ് കുടുംബശ്രീ ജില്ലയിൽ തുറന്നത്. 60.88 ലക്ഷമാണ് വിറ്റുവരവായി നേടിയത്.1807 ചെറുകിട സംരംഭക യൂണിറ്റുകളും (എംഇ) 1885 ജെഎൽജികളും ഭാഗമായി.
ചെറുകിട സംരംഭക യൂണിറ്റുകൾ 26,63,275 ലക്ഷവും ജഐൽജികൾ 34,25,553 രൂപയും വിറ്റുവരവ് നേടിയെന്ന് മാർക്കറ്റിംഗ് വിഭാഗം അധികൃതർ പറഞ്ഞു. ജില്ലാ ഫെയറിൽ മാത്രം 5.10 ലക്ഷമാണ് വിറ്റുവരവ്. 47 ജഐൽജികൾക്ക് 1.80 ലക്ഷം രൂപയും എംഇകൾക്ക് 3.30 ലക്ഷവും വിറ്റുവരവുണ്ട്.