അനധികൃത വോട്ട് ചേർക്കൽ: സിപിഎം സമരത്തിലേക്ക്
1590346
Tuesday, September 9, 2025 11:32 PM IST
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിൽ അനധികൃതമായി വോട്ട് ചേർത്തതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിൽ അന്തിമമായി പുറത്തിറക്കിയ വോട്ടർ പട്ടികയിൽ യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചേർത്തെന്നാരോപിച്ചാണ് മാർച്ച് നടത്തുന്നത്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി പി.പി. സുമേഷ്, കെ.ജി. വിനോദ്, ഷിജോ സെബാസ്റ്റ്യൻ, ജഗദമ്മ വിജയൻ, ജോഷി തോമസ്, വി.ജെ. ജോമോൻ, അന്പിളി രവികല എന്നിവർ പ്രസംഗിക്കും.
വാർഡിനും പഞ്ചായത്തിനും പുറത്ത് താമസിക്കുന്നവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരേ നിയമാനുസൃതമായി ആക്ഷേപം ഉന്നയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, ജില്ലാ വരണാധികാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ പി.പി. സുമേഷ്, കെ.ജി. വിനോദ്, ഷിജോ സെബാസ്റ്റ്യൻ, ജഗദമ്മ വിജയൻ, ജോഷി തോമസ്, വി.ജെ. ജോമോൻ, അന്പിളി രവികല എന്നിവർ പങ്കെടുത്തു.