ഭിന്നശേഷി സംവരണം: വൻ പ്രതിഷേധ സംഗമം നാളെ മുരിക്കാശേരിയിൽ
1590882
Thursday, September 11, 2025 11:56 PM IST
ചെറുതോണി: ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോടുള്ള വിവേചനത്തിനെതിരേ നാളെ മുരിക്കാശേരി വൻ പ്രക്ഷോഭത്തിനു സാക്ഷ്യം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് അധ്യാപകരുടെ പ്രതിഷേധ സംഗമം. ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃത്വം നൽകും.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയും അച്ചടക്കവും പഠന മികവും ഉറപ്പുവരുത്തുന്നതിൽ മുന്നിൽനിൽക്കുന്ന എയ്ഡഡ് മേഖലയോടു സർക്കാർ കാണിക്കുന്ന വിവേചനത്തിനെതിരേയാണ് പ്രതിഷേധം. ഈ മേഖലയെ സംരക്ഷിക്കുന്നതിനു പകരം ശ്വാസം മുട്ടിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവരോടു വിവേചനം
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 2016 മുതൽ നിയമന അംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകരാണ് ജോലി ചെയ്യേണ്ടി വരുന്നത്. ഭിന്നശേഷി സംവരണം നടപ്പിലാക്കാൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് തയാറാണെന്നു നേരത്തെതന്നെ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഈ വിഭാഗത്തിൽ യോഗ്യതയുള്ള അധ്യാപകരെ കിട്ടുന്നില്ല. ഭിന്നശേഷി നിയമനങ്ങൾ മുഴുവൻ നടപ്പിലായ ശേഷമേ നിലവിൽ ജോലിയിലുള്ള അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കൂ എന്ന നിലപാടിലാണ് സർക്കാർ.
ഇതിനെതിരേ എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു. 2025 മാർച്ച് നാലിനു സുപ്രീംകോടതി വിധി പ്രസ്താവിച്ചു.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപക തസ്തികകൾ മാറ്റിവച്ചതിനു ശേഷം മറ്റ് തസ്തികകളിൽ നിയമന അംഗീകാരം നൽകണമെന്ന വാദമാണ് കോടതി അംഗീകരിച്ചത്.
സമാനമായ സാഹചര്യങ്ങളിൽ മറ്റു മാനേജ്മെന്റുകളിലെ അധ്യാപകർക്കും നിയമന അംഗീകാരം നൽകാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, 2025 മാർച്ച് 17ന് സംസ്ഥാന സർക്കാർ നിയമന അംഗീകാരം എൻഎസ്എസ് മാനേജ്മെന്റുകളിലെ അധ്യാപകർക്കു മാത്രമായി ചുരുക്കി.
കോടതി ഉത്തരവും പാലിച്ചില്ല
തുടർന്ന് കെസിബിസിയുടെ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയെ സമീപിച്ച് 2025 ഏപ്രിൽ ഏഴിന് സമാനമായ വിധി നേടി.
എൻഎസ്എസിനു ലഭിച്ച കോടതിവിധിക്കു സമാനമായി ഹൈക്കോടതി മറ്റു മാനേജ്മെന്റുകൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും കത്തോലിക്കാ സഭയുടെ മാനേജ്മെന്റിനു കീഴിലുള്ള അധ്യാപക നിയമനങ്ങൾ നിരസിച്ചുകൊണ്ട് 2025 ജൂലൈ 31ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത് കടുത്ത വിവേചനമാണ്. ഇതിൽ പ്രതിഷേധിച്ചാണ് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നാളെ മുരിക്കാശേരിയിൽ പ്രതിഷേധ സംഗമം നടത്തുന്നത്.
ആയിരത്തോളം അധ്യാപക, അനധ്യാപകർ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു മുരിക്കാശ്ശേരി പാവനാത്മ കോളജിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും.
രൂപത എകെസിസി പ്രസിഡന്റ് ജോർജ് കോയിക്കൽ മുഖ്യ പ്രഭാഷണം നടത്തും.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോക്ടർ ജോർജ് തകടിയേൽ, മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു, ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിൾ മാത്യു, സെക്രട്ടറി ബോബി തോമസ്, ട്രഷറർ എബി കൂട്ടുങ്കൽ എന്നിവർ പ്രസംഗിക്കും.