വിത്തു ലഭിച്ചില്ല: കാന്തല്ലൂരിൽ കുങ്കുമസുഗന്ധം മാഞ്ഞു
1591125
Friday, September 12, 2025 11:31 PM IST
തൊടുപുഴ: രാജ്യത്ത് കാഷ്മീരിനു പുറമേ കുങ്കുമപ്പൂവ് കൃഷിചെയ്യുന്ന സ്ഥലമെന്ന ഖ്യാതി കാന്തല്ലൂരിനു ലഭിച്ചെങ്കിലും അധികൃതരുടെ നിസഹകരണം മൂലം കൃഷിയും ഉത്പാദനവും നിലച്ചു.
കാന്തല്ലൂരിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കുങ്കുമപ്പൂവ് കൃഷി ആരംഭിച്ചതെങ്കിലും മെച്ചപ്പെട്ട വിളവ് ലഭിച്ചതോടെ കൂടുതൽ മേഖലകളിലേക്കു കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, തുടർ കൃഷിയ്ക്കായി കുങ്കമപ്പൂവിന്റെ വിത്ത് ലഭിക്കാതെ വന്നതോടെയാണ് രണ്ടു വർഷം മാത്രം വിളവു നൽകിയ ഈ കൃഷി കൂന്പടച്ചത്.
പെരുമല പെരുമ
കാന്തല്ലൂരിലെ പെരുമലയിലാണ് 2022, 2023 വർഷം കുങ്കുമപ്പൂവ് കൃഷി ചെയ്തത്. മറയൂരിലെ നാച്ചിവയൽ, ഗുഹനാഥപുരം, വട്ടവട, പഴത്തോട്ടം, വാഗമണ്‍, സേനാപതി എന്നിവിടങ്ങളിലും കുങ്കുമപ്പൂക്കൃഷി നടത്തിയെങ്കിലും വിജയിച്ചത് തണുപ്പുകൂടിയ പെരുമലയിൽ മാത്രമാണ്.
മറയൂർ മലനിരയിലെ ഏറ്റവും തണുപ്പുള്ള ഇടമാണ് കാന്തല്ലൂരിലെ പെരുമല. കാഷ്മീരിനു സമാനമായ കാലാവസ്ഥയായതിനാൽ ഇവിടെ കുങ്കുമപ്പൂവ് കൃഷിക്കു സാധ്യത കണ്ടെത്തിയത് ശാന്തൻപാറയിലെ ഇന്ത്യൻ കൗണ്‍സിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് കൃഷി വിജ്ഞാന കേന്ദ്രമാണ്.
ഇവരുടെ നേതൃത്വത്തിൽ കൃഷിയിട പരീക്ഷണ പദ്ധതിയുടെ ഭാഗമായാണു ആദ്യമായി കുങ്കുമപ്പൂവ് കൃഷി ചെയ്തത്.
ഗുണം മെച്ചം പക്ഷേ,
കാന്തല്ലൂരിലെ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗണ്‍സിൽ ഫീൽഡ് ഓഫീസറായ രാമമൂർത്തി ഭഗവതിയുടെ കൃഷിയിടത്തിലാണ് കൃഷിയാരംഭിച്ചത്. ശ്രീനഗറിലെ പാന്പൂരിൽനിന്നാണ് വിത്ത് എത്തിച്ചു നൽകിയത്. 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്തതിലൂടെ 300 ഗ്രാമോളം വിളവു ലഭിച്ചു. 30-50 ദിവസം കൊണ്ടാണ് വിളവെടുപ്പു നടത്തിയത്. ഗ്രാമിന് 600 മുതൽ 700 വരെ വില നൽകി ഇവിടെത്തന്നെ കുങ്കുമപ്പൂവ് വിൽക്കാൻ സാധിച്ചു. വിപണിയിൽ ഈ ഗ്രേഡിലുള്ള കുങ്കുമപ്പൂവിന് ഗ്രാമിന് 900 രൂപ വരെ വില ലഭിക്കും.
കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ കുങ്കുമകൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തിയതോടെ കൃഷി വ്യാപകമാക്കാനുള്ള ലക്ഷ്യത്തിലായിരുന്നു രാമമൂർത്തി. കാഷ്മീരിൽ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ഗുണവും മണവും വലുപ്പവുമുള്ള കുങ്കുമപ്പൂവാണ് ഇവിടെ ഉത്പാദിപ്പിച്ചത്. രണ്ടു വർഷത്തിനിടെ രാമമൂർത്തിക്കു മികച്ച വിളവു ലഭിക്കുകയും ചെയ്തു.
ഇതോടെയാണ് കൂടുതൽ വിത്തു വരുത്തി കൃഷി ചെയ്യാനുള്ള പദ്ധതിയിട്ടത്. ആദ്യഘട്ടത്തിൽ ഓണ്‍ലൈൻ വഴി കാഷ്മീരിൽനിന്നു വിത്ത് എത്തിച്ചെങ്കിലും പിന്നീട് ലഭിച്ചില്ല. വിത്ത് ലഭിക്കാനുള്ള സാധ്യത തേടി രാമമൂർത്തി കൃഷി വിജ്ഞാൻ കേന്ദ്രത്തെയും കൃഷി വകുപ്പിനെയും സമീപിച്ചെങ്കിലും അവരും കൈ മലർത്തി.
കാഷ്മീർ വിലക്കി
കേരളത്തിലേക്കു കൃഷി വാപിക്കുന്നതിലുള്ള അപകടം മണത്ത കാഷ്മീർ കൃഷിവകുപ്പ് വിത്ത് നൽകുന്നതിനു തടയിട്ടതും പ്രതിസന്ധിയായി. കേരളത്തിൽ ഗുണമേന്മ കൂടിയ കുങ്കുമപ്പൂവ് ഉത്പാദിപ്പിച്ചാൽ തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്നു ഭയന്ന കാഷ്മീർ അധികൃതർ വിത്ത് സംസ്ഥാനത്തിനു പുറത്തു നൽകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യത്തിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ പോലും അധികൃതർ ശ്രമം നടത്തിയില്ല. കാന്തല്ലൂരിൽതന്നെ വിത്ത് ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് തടസമായി. ഇതോടെയാണ് കുങ്കുമപ്പൂവ് കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലെത്തിയത്.
വ്യത്യസ്തമായ കൃഷിയിലൂടെ വരുമാന നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്ന ഒരു പദ്ധതിക്കാണ് ഇതോടെ തിരശീല വീണത്. കാന്തല്ലൂരിൽ പഴം, പച്ചക്കറി കൃഷി വിളയുന്ന പെരുമല വിനോദ സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ്.