തൊടുപുഴയിൽ തെരുവുയുദ്ധം
1590340
Tuesday, September 9, 2025 11:32 PM IST
തൊടുപുഴ: യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്കു യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ഇതേത്തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ആരംഭിച്ചു. ഒടുവിൽ പോലീസ് ലാത്തി വീശി.
ലാത്തിയടിയേറ്റ് യൂത്ത് കോണ്ഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് അഖിൽ, പ്രവർത്തകരായ മനോജ് രാജൻ, ബാദുഷ പൂപ്പാറ, മഹേഷ് മോഹനൻ എന്നിവർക്കു പരിക്കേറ്റു.
ഇവരെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.
വളഞ്ഞിട്ടു തല്ല്
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് രാജീവ് ഭവനിൽനിന്ന് മാർച്ച് ആരംഭിച്ചത്. ബാരിക്കേഡ് മറി കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരുടെ കൈയിൽനിന്നു ഷീൽഡ് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇതോടെ പോലീസ് പ്രവർത്തകർക്കു നേരേ ലാത്തി വീശുകയായിരുന്നു. പ്രവർത്തകർക്കു പരിക്കേറ്റതോടെ അവർ പോലീസിനു നേരേ തിരിഞ്ഞു.
ഇതോടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ അഖിലിനെയും മനോജിനെയും പോലീസ് വളഞ്ഞിട്ട് തല്ലി. തുടർന്ന് നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു നീക്കാൻ ശ്രമിച്ചു. ബാരിക്കേഡുകൾക്കു മുന്പിൽ പ്രതിഷേധം തുടരുന്നതിനിടെ വീണ്ടും പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പോലീസ് ലാത്തി വിശുകയും ചെയ്തു. ഇതിനിടെ, ചില പ്രവർത്തകർ പോലീസിനെ കന്പുകൾ ഉപയോഗിച്ചു നേരിടാനും ശ്രമിച്ചു. തുടർന്ന് ഡിവൈഎസ്പി പി.കെ. സാബു ഇടപെട്ടു രംഗം ശാന്തമാക്കി.
തിരിച്ചടിക്കുമെന്ന് നേതാക്കൾ
പ്രതിഷേധ യോഗം യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. കാക്കിയുടെ ബലത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാമെന്നു വിചാരിച്ചാൽ ശക്തമായ തിരിച്ചടിയ്ക്കുമെന്നു ജിൻഷാദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ടോണി തോമസ്, അരുണ് പൂച്ചക്കുഴി, മാത്യു കെ.ജോണ്, സോയിമോൻ ഫ്രാൻസിസ്, ജോബി സി.ജോയി, ബിലാൽ സമദ്, ജാഫർ ഖാൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.