റോഡു വികസനത്തിനു ഭൂമി ഏറ്റെടുത്തു നൽകണം: സർവകക്ഷി യോഗം
1590887
Thursday, September 11, 2025 11:56 PM IST
ഉപ്പുതറ: മലയോരഹൈവേ നിർമാണത്തിന് ഭൂമി ഏറ്റെടുത്തു നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ചപ്പാത്തിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. ചപ്പാത്ത് പെട്രോൾ പമ്പിന് മുന്നിലുള്ള മൂന്ന് സെന്റ് സ്ഥലമാണ് ഏറ്റെടുത്ത് റോഡ് നിർമാണത്തിന് നൽകാൻ തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കോടതി ഉത്തരവ് നൽകിയത്.
എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. നടപടിക്ക് കാലതാമസം വരുത്തി. കളക്ടർക്ക് പരാതി നൽകാൻ പമ്പ് ഉടമയ്ക്ക് അവസരമൊരുക്കി. അതിനിടെ പമ്പിന് മുൻവശം വീതികുറച്ച് മലയോര വിഭാഗം ടാറിംഗ് നടത്തി. റോഡിന് മതിയായവീതിയില്ലാത്തതിനാൽ ഇവിടെ അപകടം പതിവായിരിക്കുകയാണ്.
കോടതി ഉത്തരവ് നടപ്പാക്കാൻ തയാറാകാത്ത ഉടുമ്പുഞ്ചോല തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരേ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
പമ്പിന് മുന്നിലെ സർക്കാർ ഭൂമി ഏറ്റെടുത്ത് വീതികൂട്ടി റോഡ് നിർമിക്കാൻ ജില്ലാഭരണകൂടം ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശനിയാഴ്ച പ്രക്ഷോഭം തുടങ്ങാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ജയ്മോൾ ജോൺസൻ, പഞ്ചായത്ത് അംഗങ്ങളായ ബി. ബിനു, എം. കുഞ്ഞുമോൻ, വിവിധ കക്ഷിനേതാക്കളായ പി. ഗോപി, അഡ്വ. ജയിംസ് കാപ്പൻ, ഷാജി മാത്യു, വി.വി. പ്രമോദ് കുമാർ, ഷാജി. പി. ജോസഫ്, സി.ജെ. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.