വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടിൽ പ്രസവിച്ചു
1590892
Thursday, September 11, 2025 11:56 PM IST
വണ്ടിപ്പെരിയാർ: വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽപോയ ആദിവാസി സ്ത്രീ പ്രസവിച്ചു. വള്ളക്കടവ് റേഞ്ചിന്റെ കീഴിൽ കാട്ടിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ബിന്ദു (24) ആണ് പെൺകുഞ്ഞിന് ജൻമം നൽകിയത്.
കൂടെയുണ്ടായിരുന്ന ഭർത്താവ് സുരേഷ്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിലെത്തി
കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി ശ്രമിച്ചങ്കിലും ബിന്ദു അവരോടൊപ്പം പോകാൻ തയാറായില്ല. ഇതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിയെ ആംബുലൻസിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
തുടർന്ന് കുട്ടിക്കു വേണ്ട ചികിത്സ ഇവർ ഉറപ്പാക്കി. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, ആരോഗ്യ വകുപ്പ് ജീവനക്കാരായ ആര്യാമോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ദീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി വർക്കർ ശ്രീദേവി എന്നിവർ ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.