അലങ്കാരമായി അധികതസ്തിക: സായാഹ്ന ഒപിക്ക് നടപടിയില്ല
1590893
Thursday, September 11, 2025 11:56 PM IST
തൊടുപുഴ: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിട്ടും ജില്ലയിലെ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്ന ഒപി തുടങ്ങാനായില്ല. മൂന്നു ഡോക്ടർമാരും രണ്ടു വീതം നഴ്സുമാരും ഫാർമസിസ്റ്റും ഉള്ള ആശുപത്രികളിൽ വൈകുന്നേരം ആറുവരെ സായാഹ്ന ഒപി തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
പിഎച്ച്സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ബ്ലോക്ക് പിഎച്ച്സികൾ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തുന്പോൾ സായാഹ്ന ഒപി ആരംഭിക്കാനായിരുന്നു തീരുമാനം.
ഇതിന്റ അടിസ്ഥാനത്തിൽ ജീവനക്കാർ കുറവുള്ള സ്ഥാപനങ്ങളിൽ കൂടുതൽ തസ്തിക അനുവദിക്കുകയും സ്ഥാപനങ്ങളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളായും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങളായും ഉയർത്തുകയും ചെയ്തു.
കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിനെത്തുടർന്ന് കിടത്തിച്ചികിത്സ ഉണ്ടായിരുന്ന പലസ്ഥാപനങ്ങളിലും ഇത് പൂർണമായും നിർത്തലാക്കി.
മികച്ച നിലയിൽ കിടത്തിച്ചികിത്സ ലഭിച്ചിരുന്ന മുട്ടം, കഞ്ഞിക്കുഴി, ഉപ്പുതറ, അറക്കുളം എന്നിവിടങ്ങളിൽ ഇത് പൂർണമായും നിലച്ചു.
നിലവിൽ കുമളി, ചിത്തിരപുരം, വണ്ടൻമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് കിടത്തിച്ചികിത്സയുള്ളത്.
എന്നാൽ കൂടുതൽ ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിട്ടും സായാഹ്ന ഒപി പ്രഖ്യാപിച്ച ആശുപത്രികളിൽ വൈകുന്നേരം ആറു വരെ സായാഹ്ന ഒപി തുടങ്ങാൻ കഴിഞ്ഞില്ല. ഒപി തുടങ്ങാനായി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്ക് ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ പഞ്ചായത്തുകൾ വഴിയും എൻഎച്ച്എം വഴിയും ജീവനക്കാരെ നിയമിച്ചിട്ടും ഭൂരിപക്ഷം സ്ഥാപനങ്ങളിലും ആറുവരെ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. മുടങ്ങിപ്പോയ കിടത്തിച്ചികിത്സ പുനരാരംഭിക്കാനും നടപടിയില്ല.
സായാഹ്ന ഒപി ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് സാധാരണക്കാരായ തൊഴിലാളികൾക്കാണ്. തൊഴിൽസമയം കഴിഞ്ഞ് എത്തുന്നവർക്ക് വൈകിയാണെങ്കിലും ഡോക്ടറെ കാണാൻ അവസരം ലഭിക്കുമെന്നതാണ് ഗുണം.