മൂലമറ്റം-കോട്ടമല റോഡ് നിർമാണ ഉദ്ഘാടനം ഇന്ന്
1591127
Friday, September 12, 2025 11:31 PM IST
തൊടുപുഴ: മൂലമറ്റം-കോട്ടമല റോഡിന്റെയും പഞ്ചായത്തിലെ 76 ലക്ഷം രൂപ ചെലവഴിച്ചുള്ള വിവിധ നിർമാണ പദ്ധതികളുടെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മൂലമറ്റം ടൗണിൽ നടക്കുമെന്ന് സംഘാടക സമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
6.80 കോടി ചെലവഴിച്ച് അശോക കവല മുതൽ മൂലമറ്റം വരെയുള്ള ഭാഗത്തെ റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിക്കും. തുടർന്ന് കോട്ടമല റോഡിന്റെ കവുന്ത ഭാഗത്തെ 1.8 കിലോമീറ്റർ ഭാഗം പുനർനിർമിച്ച് റോഡ് തുറന്നുകൊടുക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതോടെ കൊച്ചി-തേക്കടി റൂട്ടിൽ 40 കിലോമീറ്ററിന്റെ ലാഭം ഉണ്ടാകും.
കാർഷിക, ടൂറിസം മേഖലകളിൽ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും. ഇതിനു പുറമേ പഞ്ചായത്തിൽ 16 വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും. മന്ത്രി വി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനിൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ബ്ലോക്ക് പ്രസിഡന്റ് ഡോളി സുനിൽ, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, വൈസ് പ്രസിഡന്റ് സുബി ജോമോൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സിപിഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ, കെപിസിസി നിർവാഹക സമിതിയംഗം ജോയി തോമസ്, ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് എന്നിവർ പ്രസംഗിക്കും. സ്ഥിരം സമിതി അധ്യക്ഷൻ കെ.എൽ. ജോസഫ് പദ്ധതി വിശദീകരിക്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.എസ്. വിനോദ്, ജനറൽ കണ്‍വീനർ കെ.എൽ. ജോസഫ്, ടോമി കുന്നേൽ, ടി.കെ. ശിവൻ നായർ, സി.വി. വിബിൻ, സിബി മാളിയേക്കൽ, ടോമി നാട്ടുനിലം എന്നിവർ പങ്കെടുത്തു.