ചൂണ്ടയിടാൻ പോയ ആളെ പുഴയിൽ കാണാതായി
1590884
Thursday, September 11, 2025 11:56 PM IST
കരിമണ്ണൂർ: ചൂണ്ടയിടാൻ പോയ ആളെ തൊമ്മൻകുത്ത് പുഴയിൽ കാണാതായി. തൊമ്മൻകുത്ത് വാഴക്കുടിയിൽ റോയിയെ(55) യാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തൊമ്മൻകുത്ത് ജുമാ മസ്ജിദിന് സമീപം വട്ടക്കയം ഭാഗത്ത് പുഴയിൽ റോയി ചൂണ്ടയിടുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.
12.45 ഓടെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളും സമീപവാസികളും വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ഇയാളെ കാണാനായില്ല. സമീപത്തെ പാറയിൽനിന്നും റോയിയുടെ ഫോണും വസ്ത്രവും ചെരിപ്പും കണ്ടെത്തുകയും ചെയ്തു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് കരിമണ്ണൂർ പോലീസും തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തൊമ്മൻകുത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇരുട്ടു മൂലം ഇന്നലെ വൈകുന്നേരത്തോടെ നിർത്തി വച്ച തെരച്ചിൽ ഇന്നുരാവിലെ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.