സുഹൃത്തിന്റെ മൃതദേഹം കണ്ട ആൾ കുഴഞ്ഞുവീണ് മരിച്ചു
1590886
Thursday, September 11, 2025 11:56 PM IST
അടിമാലി: ഉറ്റ സുഹൃത്ത് മരിച്ചുകിടക്കുന്നത് കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു. കഴിഞ്ഞ 31ന് കാണാതായ പണിക്കൻകുടി സ്വദേശി പൊട്ടനാനിക്കൽ തങ്കനെ (62) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് കണ്ടെത്തിയ ഇടുക്കിപണിക്കൻകുടി വെട്ടിക്കാട്ട് ജോർജ് (60) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 8.30ഓടെയാണ് സമീപത്തെ മറ്റൊരാളുടെ പറമ്പിൽ കാപ്പി മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട ജോർജ് കുഴഞ്ഞ് വീണു. ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജോർജിന്റെ ജീവൻ രക്ഷിക്കാനായില്ല.
ജോർജും തങ്കനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ തങ്കന്റെ സംസ്കാരം നടത്തി . ഭാര്യ: ബിന്ദു മക്കൾ: ആതിര, ആശ്വതി. മരുമക്കൾ: ശാന്തനു.
ജോർജിന്റെ മൃതദേഹം പണിക്കൻ കുടി സെന്റ് ജോൺസ് മരിയ വിയാനി പള്ളി സെമിത്തേരിയിൽ ഇന്നു രാവിലെ ഒൻപതിനു സംസ്കരിക്കും.പണിക്കൻകുടി പുളിക്കപ്പറമ്പിൽ മോളിയാണ് ജോർജിന്റെ ഭാര്യ മക്കൾ: ബിജോ, ജോമോൾ. മരുമക്കൾ: പ്രശോഭ്.