തൽ സൈനിക് ക്യാന്പിൽ അഭിമാനമായി കേഡറ്റുകൾ
1590881
Thursday, September 11, 2025 11:56 PM IST
തൊടുപുഴ: എൻസിസിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച തൽ സൈനിക് ക്യാന്പിൽ സ്വർണമെഡൽ ഉൾപ്പെടെ മികച്ച നേട്ടം കൈവരിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ എൻസിസി കേഡറ്റുകൾ അഭിമാനമായി. ബിരുദ വിദ്യാർഥികളായ കിരണ്‍ ജേക്കബ് ജോയ്സ്, അലൻ രാജൻ, അരവിന്ദ് രാജേഷ് എന്നിവരാണ് എൻസിസിയുടെ പരമോന്നത ക്യാന്പായ തൽ സൈനിക് ക്യാന്പ് വിജയകരമായി പൂർത്തീകരിച്ചത് .
നൂറു ദിവസത്തെ കഠിനമായ സെലക്ഷൻ പ്രക്രിയയ്ക്ക് ശേഷമാണ് കേഡറ്റുകൾ ഡൽഹിയിലെ തൽ സൈനിക് ക്യാന്പിലേക്ക് യോഗ്യത നേടിയത്. ഒബ്സ്റ്റക്കിൾ ട്രെയിനിംഗ്, ഫയറിംഗ്, ജെഡിഎഫ്എസ്, ഹെൽത്ത് ആൻഡ് ഹൈജിൻ, മാപ് റീഡിംഗ് എന്നീ മിലിറ്ററി മത്സരയിനങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന കേഡറ്റുകൾക്കായി ഒരുക്കിയത്.
ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് വിഭാഗത്തിൽ കിരണ്‍ ജേക്കബും ഫയറിംഗിൽ അലൻ രാജനും ഹെൽത്ത് ആൻഡ് ഹൈജിൻ വിഭാഗത്തിൽ അരവിന്ദ് രാജേഷും സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ടിഎസ്സി ദേശീയതല ടീം ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ അലൻ സ്വർണ മെഡൽ ജേതാവായി.
മികച്ച നേട്ടം കരസ്ഥമാക്കിയ കേഡറ്റുകളെ 18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലെഫ്. കേണൽ അനിരുദ്ധ് സിംഗ്, കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, പ്രിൻസിപ്പൽ ഡോ.ജെന്നി കെ. അലക്സ്, ലഫ്. ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു ഏബ്രഹാം, പ്രഫ. ബിജു പീറ്റർ, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി എന്നിവർ അഭിനന്ദിച്ചു.