"ഭൂഭേദഗതി: വികസനം സ്തംഭിക്കും'
1590619
Wednesday, September 10, 2025 11:37 PM IST
തൊടുപുഴ: ഭൂഭേദഗതിയുടെ ഭാഗമായി കൊണ്ടുവന്ന ചട്ടങ്ങൾ വികസനം സ്തംഭിപ്പിക്കുമെന്നും അപേക്ഷ നൽകാനും ഫീസടയ്ക്കാനും കർഷകർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടി വരുമെന്നും ആം ആദ്മി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ 65 വർഷമായി നടന്ന എല്ലാ വാണിജ്യ നിർമിതികളും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ക്രമവത്കരണത്തിന് ഫീസ് ഈടാക്കാനാണ് നീക്കം. വീടുകൾ നിയമവിരുദ്ധമല്ലെങ്കിലും അവരും അപേക്ഷ നൽകണം.
അതിന് ഭൂമിയുടെ പഴയ രേഖകൾ കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തിൽ പാർട്ടിയുടെ കിസാൻ വിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി 13നു കട്ടപ്പന ടൗണിൽ ഏകദിന ജനജാഗരണ ഉപവാസം നടത്തും.
സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിത്സണ് ഉദ്ഘാടനം ചെയ്യും. റസാഖ് ചൂരവേലി, ഫാം സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ഹൈവേ സംരക്ഷണസമിതി ചെയർമാൻ പി.എം. ബേബി എന്നിവർ വിഷയാവതരണം നടത്തും.
പത്രസമ്മേളനത്തിൽ കിസാൻ വിംഗ് സംസ്ഥാന കോ-ഓർഡിനേറ്റർ മാത്യു ജോസ്, പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോണ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് എട്ടുതൊട്ടിയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ലിസി ബാബു, മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് പുന്നൂസ് ജേക്കബ് എന്നിവർ പങ്കെടുത്തു.