കേരള പോലീസ് രക്തദാഹികളായി മാറി: സി.പി. മാത്യു
1590620
Wednesday, September 10, 2025 11:37 PM IST
തൊടുപുഴ: മനുഷ്യത്വം നഷ്ടപ്പെട്ട കാക്കിക്കുള്ളിലെ കാപാലികർ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് ലോക്കപ്പിനുള്ളിലും പുറത്തും നടത്തുന്നതെന്നു ഡിസിസി ജില്ലാ പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാർച്ചിനോട് കാണിച്ച പോലീസ് സമീപനം മനഃസാക്ഷിയുള്ള ആർക്കും അംഗീകരിക്കാവുന്നതല്ല. ഇത്തരം പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, നേതാക്കളായ ചാർലി ആന്റണി, ജോസ് അഗസ്റ്റിൻ, ലീലമ്മ ജോസ്, ഷിബിലി സാഹിബ്, ജാഫർ ഖാൻ മുഹമ്മദ്, ടോമി പാലയ്ക്കൽ, എ.കെ. സുഭാഷ്കുമാർ, ബി. സജ്ജയകുമാർ, ജോമോൻ ആലക്കോട് എന്നിവർ പ്രസംഗിച്ചു.