കക്കുഴിയച്ചന്റെ സ്മരണ മായാതെ കുടിയേറ്റജനത
1590350
Tuesday, September 9, 2025 11:32 PM IST
തൊടുപുഴ: കുടിയേറ്റ ജനതയുടെ നൊന്പരങ്ങളും നെടുവീർപ്പുകളും ഏറ്റെടുത്ത് ആത്മീയ, സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫാ. ജോസഫ് കക്കുഴി നിത്യതയിലേക്ക് യാത്രയായിട്ട് 25 വർഷം തികയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ സാന്പത്തിക പരാധീനതകളാണ് ഹൈറേഞ്ചിലേക്ക് കുടിയേറ്റം വ്യാപകമാക്കിയത്.
അക്കാലത്ത് നെടുങ്കണ്ടത്ത് വൈദ്യുതിയോ യാത്രാസൗകര്യങ്ങളോ ചികിത്സാസഹായമോ ലഭ്യമായിരുന്നില്ല. ഏക ആശ്രയം സെന്റ് സെബാസ്റ്റ്യൻ മിഷൻ മാത്രമായിരുന്നു. 1959ൽ നെടുങ്കണ്ടം മിഷൻ കേന്ദ്രത്തിന്റെ വികാരിയായി നിയമിതനായ കക്കുഴി അച്ചന്റെ നിസ്വാർഥമായ സേവനമാണ് ഇവിടത്തുകാർക്ക് സാന്ത്വനം പകർന്നത്.
നെടുങ്കണ്ടം പള്ളിയുടെ വികാരിയായി 14 വർഷം പ്രവർത്തിച്ച ഇദ്ദേഹം പള്ളി, സ്കൂൾ, മഠം, ആശുപത്രി, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മുൻകൈയെടുത്തു. സർക്കാർ സ്ഥാപനങ്ങളിൽ ഏറിയ പങ്കും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഇവിടെ സ്ഥാപിതമായത്.
സമീപ കുടിയേറ്റ ഗ്രാമങ്ങളായ തൂക്കുപാലം, വെള്ളയാംകുടി എഴുകുംവയൽ, ശാന്തിഗ്രാം, പച്ചടി, ചെമ്മണ്ണാർ, തങ്കമണി, നെല്ലിപ്പാറ, കോന്പയാർ എന്നീ സ്ഥലങ്ങളിൽ ഒന്പത് പള്ളികൾ സ്ഥാപിച്ചു. ഇതി നു പുറമേ 1973ൽ വാഴത്തോപ്പ് ഫെറോന പള്ളി വികാരിയായിരുന്നപ്പോൾ മണിയാറൻകുടി, ഭൂമിയാംകുളം, മുളകുവള്ളി, കരിന്പൻ, പൈനാവ് കോളനി എന്നിവിടങ്ങളിൽ അഞ്ച് പള്ളികൾകൂടി സ്ഥാപിച്ചു.
അച്ചൻ സ്ഥാപിച്ച കരുണ ആശുപത്രി നെടുങ്കണ്ടത്തെയും സമീപപ്രദേശത്തെയും ആളുകൾക്ക് ആതുരശുശ്രൂഷാ രംഗത്ത് ഏറെ പ്രയോജനകരമായി. നീണ്ട 17 വർഷത്തെ ഹൈറേഞ്ചിലെ സേവനകാലത്ത് സാമൂഹിക, സാംസ്കാരിക, കാർഷികമേഖലകളിലും അച്ചന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
പിന്നീട് നെടിയശാല, നെല്ലിമറ്റം, മൈലക്കൊന്പ്, കലൂർ, പെരിങ്ങഴ, പോത്താനിക്കാട്, കദളിക്കാട് എന്നീ ഇടവകകളിലും സേവനമനുഷ്ഠിച്ചു. കദളിക്കാട് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്നതിനിടെ 2000 സെപ്റ്റംബർ 11നായിരുന്നു കക്കുഴി അച്ചന്റെ വിയോഗം.