കായികനിധി പദ്ധതി: ആദ്യ ധനസഹായംകൈമാറി
1590896
Thursday, September 11, 2025 11:56 PM IST
ഇടുക്കി: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കായികനിധി പദ്ധതിയിൽ ലഭിച്ച ആദ്യ ധനസഹായം ജില്ലാ സ്പോർട്സ് കൗണ്‍സിൽ ചെയർമാനായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് കൈമാറി. ഒളിന്പ്യൻമാരും സഹോദരങ്ങളുമായ കെ.എം. ബിനു, കെ.എം. ബീനാമോൾ എന്നിവരാണ് ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കായികനിധിയിലേക്ക് ധനസഹായം നൽകിയത്. 60,000 രൂപയാണ് ഇവർ നൽകുന്നത്.
അതിന്റെ ആദ്യഗഡുവായ 20,000 രൂപയുടെ ചെക്കാണ് കെ.എം.ബിനു കളക്ടർക്ക് കൈമാറിയത്.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, കൗണ്‍സിൽ അംഗങ്ങളായ അനസ് ഇബ്രാഹിം, ടി.എം. ജോണ്‍, സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി പി.എ. ഷാജിമോൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് ഇടുക്കി ജില്ലാ സ്പോർട്സ് കൗണ്‍സിലാണ് ആദ്യമായി കായികനിധി രൂപീകരിച്ചത്. കായികരംഗത്തെ അടിസ്ഥാനസൗകര്യവികസനം, അവശ കായികതാരങ്ങൾക്കുള്ള സാന്പത്തികസഹായം, ചികിത്സാ ധനസഹായം, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കായികതാരങ്ങളെ ദേശീയഅന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുളള ധനസഹായം, കായികരംഗവുമായി ബന്ധപ്പെട്ട് മറ്റ് അത്യാവശ്യകാര്യങ്ങൾക്ക് തുക വിനിയോഗിക്കൽ എന്നീ ലക്ഷ്യത്തോടെയാണ് കായികനിധി രൂപികരിച്ചിരിക്കുന്നത്.