15 മേഖലകളിൽ ഉടൻ സോളാർ വേലി: മന്ത്രി
1590349
Tuesday, September 9, 2025 11:32 PM IST
ഇടുക്കി: ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി തീർക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കളക്ടറേറ്റിൽ ചേർന്ന ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടമലക്കുടിയിൽ പദ്ധതികൾക്കു ടെൻഡർ ഏറ്റെടുക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകും.
സമഗ്ര ടൂറിസം പ്ലാൻ
പ്ലാന്റേഷൻ, പിന്നാക്ക മേഖലകളിൽ പത്തു മോഡൽ അങ്കണവാടികൾ നിർമിക്കും. ഇതിൽ അഞ്ചെണ്ണം ഇടമലക്കുടിയിലാണ്. ഇടുക്കി ടൂറിസത്തെ ബ്രാൻഡ് ചെയ്യാനും പ്രചാരണം നടത്താനും സമഗ്രമായ ടൂറിസം മാസ്റ്റർ പ്ലാൻ തയാറാക്കും. ഇടുക്കി ഡാം റിസർവോയറിൽ ടൂറിസ്റ്റുകൾക്കു ബോട്ടിംഗ് ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. വന്യജീവി ആക്രമണം രൂക്ഷമായ 15 മേഖലകളിൽ സോളാർ വേലികൾ സ്ഥാപിക്കും. ഇതിൽ കാലതാമസം നേരിടുന്ന ഏഴ് പ്രവൃത്തികളുടെ റീ ടെൻഡർ രണ്ടു ദിവസത്തിനകം നടക്കും. ദേവികുളത്തു വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ ഈ മാസംതന്നെ സ്ഥാപിച്ചു തുടങ്ങും. കട്ടപ്പന ഗവ. കോളജിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ലബോറട്ടറികളുടെ നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാകും.
പുരോഗതി വിലയിരുത്തി
2022 മുതൽ 25 വരെയുള്ള പദ്ധതികളാണ് യോഗത്തിൽ അവലോകനം ചെയ്തത്. വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവതരിപ്പിച്ചു. വണ്ടിപ്പെരിയാർ കനാൽ പുനരുജ്ജീവനം, സോളാർ ഫെൻസിംഗ്, പൈനാവ് വർക്കിംഗ് വിമണ്സ് ഹോസ്റ്റൽ, പാലങ്ങൾ, ഉടുന്പൻചോല ആയുർവേദ മെഡിക്കൽ കോളജ്, നെടുങ്കണ്ടം പോളിടെക്നിക് കോളജ് തുടങ്ങി വിവിധ പദ്ധതികളുടെ നിർമാണ പുരോഗതിയും വിലയിരുത്തി.
എംഎൽഎമാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, സബ് കളക്ടർ അനൂപ് ഗാർഗ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.