ആസിഡ് ആക്രമണത്തില്‍ മരിച്ച നിജിതയുടെ മക്കള്‍ക്ക് അടിമാലിയില്‍ സ്നേഹവീട്
1590351
Tuesday, September 9, 2025 11:32 PM IST
അടിമാലി: 2022ല്‍ കണ്ണൂരില്‍ ഭര്‍ത്താവിന്റെ ആസിഡാക്രമണത്തില്‍ മരിച്ച നിജിതയുടെ മക്കള്‍ക്ക് അടിമാലിയില്‍ സ്നേഹവീടൊരുങ്ങി. ഇന്നു മുതല്‍ ഇവര്‍ക്ക് അടിമാലി ആയിരമേക്കറില്‍ സുമനസുകള്‍ നിർമിച്ചു നല്കിയ സ്നേഹ ഭവനത്തില്‍ അന്തിയുറങ്ങാം.
ആസിഡാക്രമണത്തില്‍ പരിക്കേറ്റ നിജിതയുടെ മകളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് അടിമാലി ഇരുന്നൂറേക്കറിലുള്ള പൊള്ളല്‍ ചികിത്സാലയമായ സ്നേഹസാന്ത്വനത്തിലെ ചികിത്സയായിരുന്നു.
വൈദ്യരത്നം ജോര്‍ജ് ഫിലിപ്പ് വൈദ്യരായിരുന്നു പാരമ്പര്യ ചികിത്സയിലൂടെ ബാലികയ്ക്ക് തുണയായത്. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ബാലികയ്ക്കും സഹോദരനും ഇരുവര്‍ക്കും തണലായി നിന്ന വല്യമ്മയ്ക്കും കയറി കിടക്കാന്‍ സ്വന്തമായി ഭവനമുണ്ടായിരുന്നില്ല.തുടര്‍ന്ന് ജോര്‍ജ് ഫിലിപ്പ് വൈദ്യര് തന്നെ ഇവര്‍ക്ക് വീട് നിര്‍മാണത്തിനായി അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നല്കി.
ആയിരമേക്കറിലെ ഈ സ്ഥലത്താണ് സ്നേഹഭവനം ഒരുങ്ങിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. താക്കോല്‍ദാന ചടങ്ങില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നിജിതയുടെ മകള്‍ കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. സഹോദരന് വയനാട്ടിലും.
ജോര്‍ജ് ഫിലിപ്പ് വൈദ്യര്‍ക്കൊപ്പം കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെകൂടി നേതൃത്വത്തിലാണ് സുമനസുകളുടെ സഹായത്താല്‍ വീടിന്റെ പൂര്‍ത്തീകരണം സാധ്യമാക്കിയത്. മുന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജാണ് വീടിന് തറക്കല്ലിട്ടത്.
ഫാത്തിമ മാത ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെയും പിടിഎയുടെയും സഹകരണത്തോടെയാണ് വീട്ടിലേക്ക് വേണ്ടുന്ന ഫര്‍ണിച്ചറുകൾ നല്‍കിയത്.
ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റർ ഡോ. പ്രദീപ സിഎംസി അധ്യക്ഷത വഹിച്ചു. ഡി സിസി പ്രസിഡന്റ് സി.പി. മാത്യു, മുന്‍ എംഎല്‍എ. കെ. മണി, ഫാ. തോമസ് തൂമ്പുങ്കല്‍, സിസ്റ്റര്‍ ക്രിസ്റ്റീന, ജോര്‍ജ് ഫിലിപ്പ് വൈദ്യര്, ഫാ. എല്‍ദോസ് കുറ്റപ്പാല കോര്‍ എപ്പിസ്ക്കോപ്പ തുടങ്ങിയവർ സന്നിഹിതരായിരുന്നു.