നിറക്കാഴ്ചകളുമായി ഓണോത്സവ് ഘോഷയാത്ര
1590345
Tuesday, September 9, 2025 11:32 PM IST
തൊടുപുഴ: ഓണോത്സവ് -2025 ന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന വർണശബളമായ സാംസ്കാരിക ഘോഷയാത്ര കാണികൾക്ക് ദൃശ്യവിരുന്നായി. മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ഡിടിപിസിയും ചേർന്നാണ് ഓണോത്സവ് സംഘടിപ്പിച്ചത്.
ഏറ്റവും മുന്നിലായി മാവേലി മന്നൻ ജനങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങി. നിശ്ചല ദൃശ്യങ്ങൾ, കഥകളി, മയിലാട്ടം, തെയ്യം, കൊട്ടക്കാവടി, പൂക്കാവടി, കരകാട്ടം, അർജുന നൃത്തം, പുലികളി, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് നിറപ്പൊലിമ പകർന്നു. ഫയർ ആന്‍ഡ് റെസ്ക്യു, അൽ അസ്ഹർ കോളജ്, ജയ്ഹിന്ദ് ലൈബ്രറി, ബേബി മെമ്മോറിയൽ ആശുപത്രി, കുടുംബശ്രീ, പെരുക്കോണി റെസിഡന്റ്സ് അസോസിയേഷൻ, വിദ്യാർഥികൾ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ ഘോഷയാത്രയിൽ അണിനിരന്നു.
ഇവർക്കു പുറമേ നഗരസഭാ ചെയർമാൻ കെ. ദീപക്, വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി, കൗണ്‍സിലർമാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി സി.കെ. നവാസ്, യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽനിന്നാരംഭിച്ച ഘോഷയാത്ര മങ്ങാട്ടുകവലയിൽ സമാപിച്ചു. തുടർന്ന് ഒൗസേപ്പ് ജോണ്‍ പുളിമൂട്ടിൽ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള അഖിലകേരള വടംവലി മത്സരവും അരങ്ങേറി.
ഓണാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
എംഎൽഎമാരായ എ. രാജ, എം.എം. മണി, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, കെവിവിഇസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഗാനമേള നടക്കും.