പാതിവില തട്ടിപ്പ്: അന്വേഷണം പാതിയിൽ തീർത്തു ; കുറ്റപത്രം തുലാസിൽ
1590618
Wednesday, September 10, 2025 11:37 PM IST
തൊടുപുഴ: പാതിവില തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. കേസന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തെ സർക്കാർ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറുകണക്കിനു കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഇതിലൊന്നും കുറ്റപത്രം സമർപ്പിക്കുകയോ ശരിയായ രീതിയിൽ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് അന്വേഷണ സംഘത്തെ പിരിച്ചുവിട്ടത്. അതതു ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകൾ അന്വേഷിച്ചാൽ മതിയെന്ന നിലപാടാണ് നിലവിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
വാഗ്ദാനം പാഴായി
തിരുവനന്തപുരം സായിഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദകുമാർ ചെയർമാനായുള്ള നാഷണൽ എൻജിഒ കോണ്ഫെഡറേഷനിലൂടെയാണ് സിഎസ്ആർ ഫണ്ട് ലഭ്യമാകുന്നതെന്നായിരുന്നു അവകാശവാദം. ഏതാനും പേർക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളുമടക്കം കിട്ടിയതോടെ ആളുകൾ കൂട്ടത്തോടെ ഇതിലേക്ക് ആകൃഷ്ടരായി. എന്നാൽ, പണമടച്ചവർക്കു യഥാസമയം ഉത്പന്നങ്ങൾ നൽകിയില്ല. ആദ്യഘട്ടത്തിൽ ലഭിച്ച പരാതികൾ ഒത്തുതീർപ്പാക്കാനും ശ്രമം നടത്തി. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഉത്പന്നങ്ങൾ കിട്ടാതെ വന്നതോടെ
ചതിയിൽപ്പെട്ടതായി ആളുകൾ തിരിച്ചറിഞ്ഞു പരാതിയുമായി രംഗത്തുവരികയായിരുന്നു.
പ്രതികൾ രക്ഷപ്പെടും
കേസ് രജിസ്റ്റർ ചെയ്തു മാസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ അന്വേഷണം നടത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. തൊടുപുഴ, കാഞ്ഞാർ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു കേസിൽ പോലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ഇതു പ്രതികൾക്കു രക്ഷപ്പെടാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 64 സീഡ് സൊസൈറ്റികളിലും 2000ൽപരം എൻജിഒകളിലുമായി രണ്ടു ലക്ഷത്തോളം പേർ നൽകിയ പണം എറണാകുളം ഇയാറ്റുമുക്കിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലേക്ക് എത്തി.
357 കോടിയോളം രൂപയാണ് ഇങ്ങനെ വന്നത്. ഈ തുക എന്തു ചെയ്തെന്നും ആരുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നും കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രതിഷേധം ഉയർത്താനുള്ള നീക്കത്തിലാണ് തട്ടിപ്പിനിരയായവർ.
പാതിവിലയിലെ മുഴുവൻതട്ടിപ്പ് ഇങ്ങനെ
കേസിലെ മുഖ്യപ്രതി അനന്ദു കൃഷ്ണൻ പ്രോജക്ട് കോ-ഓർഡിനേറ്ററായി രൂപീകരിച്ച സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ പേരിൽ വുമണ്‍ ഓഫ് വീൽസ് പദ്ധതി പ്രകാരം പാതിവിലയ്ക്കു സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ്പ്, മൊബൈൽ ഫോണ്‍, വാഷിംഗ് മെഷീൻ, മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങിയവ ലഭിക്കുമെന്നും ഇതിന്റെ 50 ശതമാനം തുക വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ടായി ലഭിക്കുമെന്നും പ്രചാരണം നടത്തിയാണ് സാധാരണക്കാരും നിർധനരുമായ ആയിരക്കണക്കിനു സ്ത്രീകളുടെ പണം തട്ടിയെടുക്കാൻ കളമൊരുക്കിയത്.
ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ ആദ്യ ഘട്ടത്തിൽ ഏതാനും പേർക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളുമടക്കം വിതരണം ചെയ്തു.