ആർമി റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കം
1590625
Wednesday, September 10, 2025 11:37 PM IST
ഇടുക്കി: ആർമി റിക്രൂട്ട്മെന്റ് റാലിക്ക് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. ഇന്നലെ നടന്ന കായികക്ഷമതാ പരീക്ഷയിൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് ജനറൽ ഡ്യൂട്ടി വിഭാഗത്തിലെ ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.
1600 മീറ്റർ റണ്‍ റേസ്, സിഗ് സാഗ് ബാലൻസ്, പുൾ അപ്സ്, 9 ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവ് പരിശോധനയും നടത്തി. ഇവയ്ക്ക് പുറമേ സർട്ടിഫിക്കറ്റ്, മെഡിക്കൽ പരിശോധനയും റാലിയുടെ ഭാഗമായി നടന്നു. 120 ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റാലി നടത്തുന്നത്.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നായി ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ 788 പേരും നാളെ കൊല്ലം ജില്ലയിൽനിന്ന് ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ 829 പേരും, 13 ന് ഏഴ് ജില്ലകളിൽനിന്നായി ടെക്നിക്കൽ സ്റ്റാഫ് വിഭാഗത്തിൽ 843 പേരും റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കും. 14ന് 13-ാം തീയതിയിലെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ചവർക്ക് മെഡിക്കൽ ടെസ്റ്റ് നടത്തും. 15ന് ജനറൽ ഉദ്യോഗാർഥികളിൽനിന്നു പാരാ റെജിമെന്റിലേക്ക് പോകാൻ താത്പര്യമുള്ളവർക്ക് അഞ്ച് കിലോമീറ്റർ റണ്‍റേസ് നടത്തും. 16ന് റാലി സമാപിക്കും.
ഇന്ന് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ പുലർച്ചെ നാലിന് പഞ്ചായത്ത് ടൗണ്‍ ഹാളിൽ എത്തണം. പ്രവേശന കാർഡ് സ്കാൻ ചെയ്തതിന് ശേഷം 100 പേരുടെ ബാച്ചുകളായി നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും. അഞ്ചിന് കായികക്ഷമതാ പരിശോധന ആരംഭിക്കും.