പാൽ കമഴ്ത്തൽ സമരവും കരിദിനാചരണവും
1591400
Saturday, September 13, 2025 11:31 PM IST
തൊടുപുഴ: സംസ്ഥാനത്ത് പാൽ ഉത്പാദനച്ചെലവിന് ആനുപാതികമായി പാൽ വില ലഭ്യമാക്കണമെന്നാവശ്യപ്പട്ട് തിരുവന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുന്പിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷന്റെ നേതൃത്വത്തിൽ പാൽ കമഴ്ത്തൽ സമരവും കരിദിനാചരണവും നടത്തും. പാൽവില ലിറ്ററിന് 70 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 48 രൂപ ചെലവ് വരുമെന്ന് സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടും പാൽവില വർധിപ്പിക്കാതെ ക്ഷീരകർഷകരെ അവഗണിക്കുന്ന സർക്കാർ നയത്തിലും മിൽമ ഫെഡറേഷന്റെ നിസംഗതയിലും പ്രതിഷേധിച്ച് 16ന് രാവിലെ 11ന് മിൽമ ഫെഡറേഷൻ ഓഫീസിനു മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ക്ഷീരസംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ക്ഷീരസംഘം ജീവനക്കാർ ക്ഷീര കർഷകർ എന്നിവർ പങ്കെടുക്കും.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടുമാസം മുന്പ് ക്ഷീര വികസന വകുപ്പ് മന്ത്രി പാൽ വില ഉടൻ വർധിപ്പിക്കുമെന്ന് പറഞ്ഞുവെങ്കിലും തീരുമാനമായിട്ടില്ല.
ഫെഡറേഷൻഓഫീസിനു മുന്നിൽ സമരം നടക്കുന്ന സമയത്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളിലും പാൽകമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുമെന്ന് കെഎസ്എംഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ആർ. സലിംകുമാർ, ജനറൽ സെക്രട്ടറി എം.ആർ. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് സോണി ചൊള്ളാമഠം എന്നിവർ അറിയിച്ചു.