അവഗണന അവസാനിപ്പിക്കണം: മോണ്‍. ജോസ് കരിവേലിക്കൽ
1591399
Saturday, September 13, 2025 11:31 PM IST
ചെറുതോണി: എയിഡഡ് സ്കൂൾ അധ്യാപകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് ഇടുക്കി എഡ്യുക്കേഷണൽ ഏജൻസിയിലെ അധ്യാപകർ നടത്തിയ പ്രതിഷേധ സംഗമം മുരിക്കാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ അവകാശങ്ങൾ നിലനിൽക്കുന്പോൾ തന്നെ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സർക്കാർ ആവശ്യപ്പെട്ട പ്രകാരമുള്ള പോസ്റ്റുകൾ നീക്കിവച്ചിട്ടും ഇങ്ങനെ പോസ്റ്റുകൾ നീക്കിവയ്ക്കുന്ന മാനേജ്മെന്റുകളുടെ അധ്യാപകനിയമനം പാസാക്കി നൽകണമെന്ന വ്യക്തമായ ഹൈക്കോടതി ഉത്തരവ് നിലവിൽ വന്നിട്ടും ഇത് ക്രൈസ്തവ മാനേജ്മെന്റുകൾക്ക് ബാധകമല്ലെന്ന സർക്കാരിന്റെ നിഷേധാത്മക നിലപാട് ന്യായീകരിക്കാനാവുന്നതല്ല.
2009 മുതൽ ജോലി ചെയ്യുന്ന പതിനാറായിരത്തോളം അധ്യാപകർക്ക് നിയമന അംഗീകാരം ലഭിച്ചിട്ടില്ല. മൂവായിരത്തോളം അധ്യാപക തസ്തികകൾ ഭിന്നശേഷി സംവരണത്തിനായി നീക്കിവയ്ക്കുന്പോഴും 500 ഓളം ഉദ്യോഗാർഥികൾ മാത്രമേ ഭിന്നശേഷി വിഭാഗത്തിൽ അധ്യാപക യോഗ്യത നേടി നിയമനം കാത്തിരിക്കുന്നുള്ളൂനെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മാനേജ്മെന്റുകൾക്കെതിരേയുള്ള സർക്കാർ നയത്തിനെതിരേ 26ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തുന്ന പ്രതിഷേധ റാലിക്കും സംഗമത്തിനും മുന്നോടിയായാണ് മുരിക്കാശേരിയിൽ പ്രതിഷേധ റാലിയും സംഗമവും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തിയത്.
ആയിരത്തോളം അധ്യാപകർ പങ്കെടുത്ത പ്രതിഷേധ റാലി പാവനാത്മ കോളജ് ഗ്രൗണ്ടിൽനിന്നു രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ ഫ്ലാഗ് ഓഫ് ചെയ്തു. ടൗണ്‍ ചുറ്റി നടത്തിയ പ്രകടനത്തിനു ശേഷം മുരിക്കാശേരി ബസ് സ്റ്റാൻഡിൽ പ്രതിഷേധസംഗമം ചേർന്നു.
രൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് നോബിൾ മാത്യു അധ്യക്ഷത വഹിച്ചു.
രൂപത എകെസിസി പ്രസിഡന്റ് ജോർജ് കോയിക്കൽ, ടീച്ചേഴ്സ് ഗിൽഡ് രൂപത സെക്രട്ടറി ബോബി തോമസ്, മുരിക്കോശരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, സിബി വലിയമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.