ക്ഷീരമേഖല മാറ്റത്തിന്റെ പാതയിൽ: മന്ത്രി ചിഞ്ചുറാണി
1591404
Saturday, September 13, 2025 11:31 PM IST
ഇടുക്കി: ക്ഷീരമേഖലയിൽ വലിയ മാറ്റത്തിന് വഴി തെളിക്കുന്ന നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കിവരുന്നതെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പെരുവന്താനം വെറ്ററിനറി ആശുപത്രിക്കായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മൃഗാശുപത്രികളുടെ പ്രവർത്തന സമയത്തിന് ശേഷമുള്ള അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി കേരളത്തിലെ മുഴുവൻ ജില്ലകളിലും 1962 എന്ന ടോൾ ഫ്രീ നന്പർ മുഖാന്തിരം മൊബൈൽ വെറ്ററിനറി യൂണിറ്റുകളും സർജറി യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ ജനങ്ങൾക്ക് മൃഗചികിത്സാ വിവരങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും മൊബൈൽ ആപ്ലിക്കേഷൻ വഴി വിരൽത്തുന്പിൽ ലഭ്യമാകുന്ന രീതിയിൽ ഇ - സമൃദ്ധ എന്ന പേരിൽ മൃഗസംരക്ഷണ വകുപ്പിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് വളർത്തുമൃഗങ്ങളെ നഷ്ടമായ കർഷകർക്ക് മന്ത്രി നഷ്ടപരിഹാരം വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ് ഇ-സമൃദ്ധി പദ്ധതിയുടെ ലോഗിൻ നിർവഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി.എൻ. ഝാൻസി മൊബൈൽ സർജറി ആങ്കറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻ-ചാർജ് ഡോ. മിനി ജോസഫ് പ്ലാങ്കാല, ഡോ. ജെയിസണ് ജോർജ്, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്, ത്രിതല പഞ്ചായത്തംഗങ്ങളായ ഇ.ആർ. ബൈജു, കെ.ആർ. വിജയൻ, സാലിക്കുട്ടി ജോസഫ്, ഷാജി പുല്ലാട്ട്, എബിൻ വർക്കി, മേരിക്കുട്ടി ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.