ആർമി റിക്രൂട്ട്മെന്റ് റാലി: കായിക ക്ഷമതാ പരീക്ഷയ്ക്ക് സമാപനം
1591630
Sunday, September 14, 2025 11:13 PM IST
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ആർമി റിക്രൂട്ട്മെന്റ് റാലിയുടെ ഭാഗമായുള്ള കായികക്ഷമതാ പരീക്ഷ സമാപിച്ചു. ഇന്നലെ പാരാറെജിമന്റ് വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി അഞ്ച് കിലോമീറ്റർ റണ്‍ ചേസ് നടന്നു. തൂക്കുപാലം രാമക്കൽമേട് റോഡിൽ നടന്ന റണ്‍ചേസിൽ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽനിന്ന് പാരാ റെജിമെന്റിലേക്ക് പോകാൻ താത്പര്യമുള്ള 26 ഉദ്യോഗാർഥികൾ പങ്കെടുത്തു.
ഇതിന് പുറമേ സിന്തറ്റിക് സ്റ്റേഡിയത്തിൽ പുൾ അപ്സ്, പുഷ് അപ്സ് തുടങ്ങി നാലിനം കായികക്ഷമതാ പരീക്ഷയും ഉണ്ടായിരുന്നു. ശനിയാഴ്ച ടെക്നിക്കൽ വിഭാഗത്തിൽ കായികക്ഷമതാ പരീക്ഷ വിജയിച്ചവർക്ക് ഇന്നലെ മെഡിക്കൽ പരിശോധന നടത്തി. റിക്രൂട്ട്മെന്റ് റാലിയിൽ അഞ്ച് ദിവസത്തിനുള്ളിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗാർഥികളുടെയും ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ പൂർത്തിയായി.
ഏഴ് ജില്ലകളിൽ എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടംനേടിയ 3102 ഉദ്യോഗാർഥികൾക്കായാണ് ആർമി റിക്രൂട്ട്മെന്റ് റാലി നടത്തിയത്. 1600 മീറ്റർ റണ്‍ റേസ്, സിഗ് സാഗ് ബാലൻസ്, പുൾ അപ്സ്, 9 ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായികക്ഷമത പരീക്ഷയും ശാരീരിക അളവ് പരിശോധനയുമാണ് നടത്തിയത്. ഇവയ്ക്ക് പുറമേ സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ പരിശോധനയും നടന്നു. 120 ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റിക്രൂട്ട്മെന്റ് റാലി നടന്നത്.