നിയമഭേദഗതി സർക്കാർ വിഴ്ച മറയ്ക്കാൻ: എംപി
1591627
Sunday, September 14, 2025 11:13 PM IST
തൊടുപുഴ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിലവിലുള്ള കേന്ദ്ര നിയമത്തിൽ വകുപ്പുകൾ നിലനിൽക്കേതന്നെ പുതിയ നിയമനിർമാണത്തിന് സംസ്ഥാനം തുനിയുന്നത് സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനാണെന്ന് ഡീൻ കുര്യാക്കോസ് എംപി. നിലവിലുള്ള നിയമത്തിൽ വിവിധ വകുപ്പുകളനുസരിച്ച് മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്.
പീരുമേട്ടിൽ കടുവയെ വെടിവെച്ചുകൊന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാത്തത് ഈ നിയമത്തിന്റെ പരിരക്ഷയിലാണ്. എന്നാൽ മറ്റൊരിടത്തും അത് നടപ്പാക്കാൻ സർക്കാർ തയാറായില്ല.
ഈ ഘട്ടത്തിൽ ഉണ്ടായ വിമർശനങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് നടപടികൾ ലഘൂകരിക്കാൻ എന്ന പേരിൽ പുതിയ നിയമത്തിന് സർക്കാർ നേതൃത്വം നൽകുന്നത്.
ഇക്കാര്യത്തിൽ സർക്കാർ പ്രകടിപ്പിച്ച മെല്ലെപ്പോക്കു നയം ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. വീണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും എംപി പറഞ്ഞു.
ജനങ്ങളുടെ
കണ്ണില്‍പ്പൊടിയിടാൻ: ഡിസിസി
രാജാക്കാട്: വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം മാത്രമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ്് കെ.എസ്. അരുണ്‍ ആരോപിച്ചു.
രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ബില്‍ നിയമമാക്കാമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യംചെയ്യാന്‍ രാഷ്ട്രപതി തയാറാകില്ല.
മാത്രമല്ല രാഷ്ട്രപതി അംഗീകാരം നല്കിയാലും പാര്‍ലമെന്റില്‍ പുതിയൊരു ഭേദഗതി കൊണ്ടുവന്ന് ഈ നീക്കത്തെ തടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഭരണഘടന അവസരം നല്‍കുന്നുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്തുതീര്‍ക്കാനാണ് സർക്കാർ ആത്മാര്‍ഥത കാട്ടേണ്ടത്.
കേന്ദ്ര ലിസ്റ്റിലുള്ള നിയമത്തില്‍ ഭേദഗതി വരുത്താനോ വെള്ളം ചേര്‍ക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. വനം, വന്യമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ സംരക്ഷണം ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന കണ്കറന്റ്് ലിസ്റ്റിലെ 17ബിയില്‍ വരുന്ന കാര്യങ്ങളാണെങ്കിലും വന്യജീവി സംരക്ഷണ ആക്ട് ഭേദഗതിചെയ്യാൻ സംസ്ഥാനത്തിന് അധികാരമില്ല.
ഈ വിഷയത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമരൂപീകരണം സാധ്യമാണെങ്കിലും അവ തമ്മില്‍ നയവ്യത്യാസം ഉണ്ടായാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 പ്രകാരം സംസ്ഥാന നിയമത്തിന് മുകളില്‍ കേന്ദ്ര നിയമത്തിനാകും സാധുത.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും നാടന്‍ കുരങ്ങുകളെ നിയന്ത്രിക്കാനും ഉള്‍പ്പെടെ സംസ്ഥാനം നല്കിയ നിവേദനങ്ങള്‍ കേന്ദ്രം ഇതുവരെ പരിഗണിക്കുകപോലും ചെയ്തിട്ടില്ല.
സര്‍ക്കാരിന് സാധ്യമായ കാര്യങ്ങള്‍ ചെയ്യാതെ വോട്ട് ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളും നിയമസാധുതയില്ലാത്ത വാഗ്ദാനങ്ങളും നല്കി ഇടത് സര്‍ക്കാര്‍ മലയോരജനതയെ വഞ്ചിക്കുകയാണെന്ന് അരുണ്‍ ആരോപിച്ചു.
ഭേദഗതിയുടെ കോപ്പി
കത്തിച്ച് പ്രതിഷേധിക്കും
കട്ടപ്പന: ഭൂപതിവ് ചട്ട ഭേദഗതിയുടെ മറവിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയ ഇടതുസർക്കാരിന്റെ കർഷക വഞ്ചനക്കെതിരേ ജില്ലാ കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള മണ്ഡലങ്ങളിൽ വാർഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചട്ട ഭേദഗതിയുടെ പകർപ്പ് കാത്തിച്ച് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അറിയിച്ചു.
പതിറ്റാണ്ടുകളായി ആളുകൾ താമസിക്കുന്ന വീടുകളും ഉപയോഗിക്കുന്ന കടമുറികളും അപേക്ഷഫീസും പിഴത്തുകയും ഈടാക്കി ക്രമവത്കരിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കലാണ്. നിർമാണ നിരോധനം, പട്ടയം ഉൾപ്പെടെയുള്ള വിഷയങ്ങളൊന്നും പരിഹരിക്കാൻ ഒരു നടപടിയും ഇല്ലാതെയാണ് ആറ് പതിറ്റാണ്ടായി ജില്ലയിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിച്ചുവെന്ന അവകാശവാദവുമായി ജില്ലയിൽനിന്നുള്ള മന്ത്രി ഉൾപ്പെടെയുള്ള ഇടതുനേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്.
കട്ടപ്പന, കാഞ്ചിയാർ, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി മണ്ഡലങ്ങളിലെ 105 വാർഡുകളിലും വൈകുന്നേരം ആറിന് ചട്ടഭേദഗതി കത്തിച്ച് പ്രതിഷേധിക്കുമെന്നും തോമസ് മൈക്കിൾ അറിയിച്ചു.