ആനക്കുളം റോഡിന്റെ സാധ്യത പരിശോധിക്കും: എംഎല്‍എ
1591626
Sunday, September 14, 2025 11:13 PM IST
അടിമാലി: ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കൂടല്ലാര്കുടിയില്നിന്ന് എളുപ്പത്തില്‍ പുറംലോകത്തേക്കുള്ള യാത്രയ്ക്ക് സഹായിക്കുന്ന മാങ്കുളം ആനക്കുളത്തേക്കുള്ള റോഡിന്റെ നിര്‍മാണ സാധ്യത പരിശോധിക്കുമെന്ന് അഡ്വ. എ. രാജ എംഎല്‍എ അറിയിച്ചു.
സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പെട്ടിമുടിയില്‍ നിന്നു റോഡിന്റെ നവീകരണം നടക്കുന്നുണ്ട്. ഇതിനൊപ്പമാണിപ്പോള്‍ കൂടല്ലാര്കുടിയില്നിന്നുള്ള റോഡിന്റെ നിര്‍മാണം കൂടി പരിശോധിക്കുന്നത്. യാത്രാ ക്ലേശം രൂക്ഷമായ കൂടല്ലാര്‍ കുടിയില്‍നിന്നു നിലവില്‍ ആനക്കുളത്തേക്ക് കാല്‍നട മാത്രം സാധ്യമാകുന്ന ദുര്‍ഘട പാതയാണുള്ളത്.
ഇതു വഴി പനി ബാധിതരെയടക്കം കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ തുണിമഞ്ചല്‍ കെട്ടി ചുമന്ന് പുറംലോകത്തെത്തിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് എംഎല്‍എയുടെ പ്രതികരണം ഉണ്ടായിട്ടുള്ളത്. ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഈ പാത യാത്രാ യോഗ്യമായാല്‍ ഇടമലക്കുടിയുടെ വികസനത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ.